പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മാലോത്ത് കസബ സ്ക്കൂൾ

വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗവും ജി .എച്ച് എസ്.എസ് മാലോത്ത് കസബ സ്ക്കൂൾ എസ്.പി.സി യൂണിറ്റും സംയുക്തമായി വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന സ്കൂളിൻ്റെ സമീപ പ്രദേശത്തെ വീടുകളിൽ എസ് പി സി കേഡറ്റുകൾ മഴക്കുഴികൾ നിർമ്മിച്ചു നൽകി. എല്ലാ എസ്പിസി കേഡറ്റുകളും അവരവരുടെ വീടുകളിൽ മഴക്കുഴികൾ നിർമ്മിച്ചതിനുശേഷം ആണ് സ്കൂളിൻ്റെ സമീപത്തെ വീടുകളിലും മഴക്കുഴികൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. പ്രകൃതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലിയ കേഡറ്റുകൾ മഴവെള്ളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ അറിയിക്കാനായി സന്ദേശ യാത്രയും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സനോജ് മാത്യു സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മഴവെള്ള കൊയ്ത്തിനെ സംബന്ധിക്കുന്ന ലഘുലേഖകളും കേഡറ്റുകൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ (ഇൻ ചാർജ് ) എം കെ പ്രസാദ് ,സ്റ്റാഫ് സെക്രട്ടറി വി.എൻ പ്രശാന്ത് , എസ് പി സി ചുമതലയുള്ള പി.ജി ജോജിത, വൈ.എസ് സുഭാഷ് ,അധ്യാപകനായ ജോബി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.