വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് ചിറകേകി ഐ.എസ്.ആർ.ഒ. ശിൽപശാല

post

ശാസ്ത്രവിഷയത്തിൽ അഭിരുചിയുളള ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നവ്യാനുഭവം പകർന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വൈക്കം സെന്റ് സേവ്യേഴ്‌സ് കോളജിൽ സംഘടിപ്പിച്ച ഏകദിനശിൽപശാല. 'ശൂന്യാകാശത്തിന്റെ അതിരുകൾ തേടി' എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാല ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ, ഗഹനമായ ശാസ്ത്രവിഷയങ്ങൾ മുതൽ ലളിതമായ കൗതുകങ്ങൾ വരെയുള്ളവയ്ക്ക് ഐ.എസ്.ആർ.ഒ. ചെയർമാൻ സരസവും ലളിതവുമായി മറുപടി നൽകി.

സൻസദ് ആദർശ് ഗ്രാം യോജന(എസ്.എ.ജി.വൈ) പദ്ധതി പ്രകാരം രാജ്യസഭാംഗം ബിനോയ് വിശ്വം ദത്തെടുത്തിട്ടുള്ള തലയാഴം ഗ്രാമപഞ്ചായത്തിലാണ് ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ശിൽപശാലയും പൊതുജനങ്ങൾക്കായി ബഹിരാകാശ പ്രദർശനവും ഒരുക്കിയത്. ക്രിസ്റ്റഫർ നോളന്റെ 'ഇന്റർസ്‌റ്റെല്ലാർ' എന്ന പ്രശസ്ത ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലറിലെ 'വേം ഹോൾ' എന്ന സങ്കൽപ്പം മുതൽ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയിലേക്ക് എങ്ങനെ എത്താമെന്നത് വരെ ഐ.എസ്.ആർ.ഒ. ചെയർമാൻ വിദ്യാർഥികൾക്ക് വിശദീകരിച്ചു.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ വികസിപ്പിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ പറഞ്ഞു. ബഹിരാകാശരംഗത്ത് അമേരിക്കയ്ക്ക് ഒപ്പം അധികം വൈകാതെ തന്നെ ഇന്ത്യയെത്തും. ചൊവ്വയിലും ചന്ദ്രനിലും മനുഷ്യരെ എത്തിക്കുക എന്നുള്ളത് ഐ.എസ്.ആർ.ഒയുടെ പ്രധാനപ്പെട്ട ദൗത്യമാണെന്നും എസ്.സോമനാഥ് പറഞ്ഞു.

കാലാവസ്ഥ വ്യതിയാനമാണ് ലോകം ഇന്നുനേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഈ മാറ്റത്തിന്റെ വേഗം ജീവജാലങ്ങൾക്ക് അതിജീവിക്കാനാകുന്നില്ല. ഭൂമിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അറിയാൻ ബഹിരാകാശ സാങ്കേതികവിദ്യ പോലെ ഉപകരിക്കുന്ന മറ്റൊന്നില്ല. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി പഠിക്കാനുള്ള ഏറ്റവും വലിയ ഉപകരണങ്ങൾ ഉപഹഗ്രഹങ്ങളാണ്. കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി പഠിക്കാൻ ഐ.എസ്.ആർഒയും നാസയും ചേർന്നു വിക്ഷേപിക്കുന്ന നിസാർ(നാസ ഐ.എസ്.ആർ.ഒ. സിന്തറ്റിക് അപ്പേർച്ചർ റഡാർ) ഉപഗ്രഹത്തിന്റെ വിക്ഷേപണം ഈ വർഷം തന്നെ നടക്കുമെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ പറഞ്ഞു.

ചാന്ദ്രയാൻ-3 വിക്ഷേപണം ജൂലൈ 12നും 19നും ഇടയിൽ

ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും പത്തൊൻപതിനും ഇടയിൽ നടത്താനുള്ള തീവ്രശ്രമത്തിലാണു ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്ര(ഐ.എസ്.ആർ.ഒ.)മെന്നു ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഉപഗ്രഹം ബംഗളുരുവിലെ യു.ആർ. റാവു ഉപഗ്രഹ കേന്ദ്രത്തിൽനിന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെത്തിയിട്ടുണ്ട്. അന്തിമഘട്ടപ്രവർത്തനങ്ങൾ നടക്കുകയാണ്. വിക്ഷേപണത്തിനുള്ള എൽ.വി.എം. റോക്കറ്റ് ചന്ദ്രയാനുമായി ഘടിപ്പിക്കുന്ന പ്രവർത്തികൾ ഈമാസം അവസാനം നടക്കും.

ഇന്ധനനഷ്ടം ഏറ്റവും കുറവുള്ള സമയമാണ് ജൂലൈ 12 മുതൽ 19 വരെയുള്ള ദിവസങ്ങൾ. എല്ലാ പരീക്ഷണങ്ങളും പൂർത്തിയാകുമെങ്കിൽ ഈ സമയത്തുതന്നെ വിക്ഷേപണം നടത്താനാണു നിലവിലെ പദ്ധതിയെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ വ്യക്തമാക്കി. ചാന്ദ്രയാൻ രണ്ടിലുണ്ടായ പരാജയം ആവർത്തിക്കാതിരിക്കാൻ ചാന്ദ്രയാൻ മൂന്നിന്റെ ഘടനയിലും ഹാർഡ്‌വേറിലും സോഫ്റ്റ്‌വേറിലും സെൻസറുകളിലും മാറ്റങ്ങൾ വരുത്തിയെന്നും എസ്. സോമനാഥ് പറഞ്ഞു.


ചടങ്ങിൽ ബിനോയ് വിശ്വം എം.പി. അധ്യക്ഷത വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്തിലെ സൻസദ് ആദർശ് ഗ്രാം യോജനയുടെ രണ്ടാം ഭാഗമായി ശിൽപശാലയിൽ പങ്കെടുത്ത തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ജൂലൈ 22ന് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ റോക്കറ്റ് വിക്ഷേപണം കാണാൻ അവസരമൊരുക്കുമെന്ന് ബിനോയ് വിശ്വം എം.പി. പറഞ്ഞു.

പരിപാടിയുടെ സന്ദേശാവതരണവും ബഹിരകാശ എക്‌സിബിഷൻ ഉദ്ഘാടനവും സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെയുള്ള വാട്ടർ റോക്കറ്റിന്റെ വിക്ഷേപണവും സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്റർ( വി.എസ്.എസ്.സി.) ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിശിഷ്ടാതിഥിയായി.

സ്‌പേസ് എക്‌സിബിഷൻ

വൈക്കം സെന്റ് സേവ്യേഴ്‌സ് കോളജിൽ നടക്കുന്ന ശിൽപശാലയോട് അനുബന്ധിച്ച് ഒരുക്കിയ ബഹിരാകാശ പ്രദർശനം പൊതുജനങ്ങൾക്ക് കൗതുക കാഴ്ച്ചയായി. 1967ൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യറോക്കറ്റ് രോഹിണി 75 മുതൽ ചൊവ്വ പര്യവേക്ഷണദൗത്യത്തിന്റെ വരെ മാതൃകകൾ രാജ്യത്തിൻെ ബഹിരാകാശരംഗത്തെ നേട്ടങ്ങൾ വിവരിക്കുന്ന പ്രദർശനവേദിയിലുണ്ട്.

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട, ജി.എസ്.എൽ.വി. വിക്ഷേപണ വാഹനം, എസ്.എൽ.വി. വിക്ഷേപണ വാഹനം ഇന്ത്യൻ നിർമിത ഗതിനിർണയ സംവിധാനമായ ഐ.ആർ.എൻ.എസ്.എസ്., ഇന്ത്യയുടെ ആദ്യചാന്ദ്രപര്യവേക്ഷണ വാഹനമായ ചാന്ദ്രയാൻ-ഒന്ന്, വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ജിസാറ്റ്, ഇൻസാറ്റ് ഉപഗ്രഹങ്ങൾ, ഇന്ത്യയുടെ ആദ്യപരീക്ഷണ ആശയവിനിമയ ഉപഗ്രഹം ആപ്പിൾ, വിദൂരസംവേദന ഉപഗ്രഹ ശ്രേണി(ഐ.ആർ.എസ്.), ബഹിരാകാശ ദൗത്യം കഴിഞ്ഞു ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ പരീക്ഷിച്ച ക്യാപ്സൂൾ,(എസ്.ആർ.ഇ.-1), എന്നിവയുടെ മാതൃകകൾ പ്രദർശനത്തിലുണ്ട്.