കാലവര്‍ഷം: മുന്നൊരുക്കങ്ങള്‍ വേണമെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യു അധികൃതര്‍

post

കാലവര്‍ഷം മുന്നില്‍ കണ്ട് ദുരന്ത സാഹചര്യങ്ങള്‍ പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് പാലക്കാട് ജില്ലാ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ അറിയിച്ചു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. ശക്തമായ മഴയില്‍ നദികള്‍ മുറിച്ചു കടക്കാനോ നദികള്‍, കുളങ്ങള്‍ തുടങ്ങിയ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

2. നീന്തല്‍ അറിയാത്ത കുട്ടികളായാലും മുതിര്‍ന്നവരായാലും വെള്ളക്കെട്ടിലോ ജലാശയങ്ങളിലോ ഇറങ്ങരുത്.

3. ജലാശയങ്ങള്‍ക്ക് മുകളിലുള്ള മേല്‍പ്പാലങ്ങളില്‍ സെല്‍ഫി എടുക്കുകയോ കാഴ്ച്ച കാണുകയോ ചെയ്യുന്നത് ഒഴിവാക്കുക.

4. ഉയര്‍ന്നതും വഴുവഴുപ്പുള്ളതുമായ പാറക്കെട്ടുകള്‍, ക്വാറികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെല്‍ഫി ഒഴിവാക്കുക.

5. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കുകയും വേണം.

6. ഉരുള്‍പൊട്ടല്‍ സാധ്യത പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അവശ്യസാധനങ്ങളുടെ കിറ്റ് തെയ്യാറാക്കി നിര്‍ദേശം ലഭിക്കുന്ന മുറക്ക് സുരക്ഷിത സ്ഥലങ്ങളിലേക് മാറുക.

7. ഉരുള്‍പൊട്ടല്‍ സാധ്യത പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഒഴുകുന്ന വെള്ളത്തിന്റെ നിറം മാറുന്നതോ പുതിയ ഉറവ പൊട്ടുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ സുരക്ഷിത സ്ഥലത്തേക്ക് മാറുക.

8. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കൂടെ കൂട്ടുകയോ കെട്ട് അഴിച്ചു വിടുകയോ ചെയ്യുക.

9. മഴക്കാലത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.

10. കടത്ത് കടക്കുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കുകയും വഞ്ചിയില്‍ ലൈഫ് ബോയ കരുതുകയും വേണം.

11. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ മരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, വൈദ്യുത പോസ്റ്റ് എന്നിവയുടെ അടുത്ത് നില്‍ക്കാതിരിക്കുക.

12. പൊട്ടി കിടക്കുന്ന കമ്പി, സ്റ്റേ വയര്‍ എന്നിവയ്ക്ക് സമീപം വെള്ളത്തില്‍ കൂടി നടക്കാതിരിക്കുക.

13. മഴ, അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ 101 ല്‍ വിളിക്കുക.

എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതാം

കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്ത സാധ്യതകള്‍ പ്രതിരോധിക്കുന്നതിനും അതിജീവനത്തിനുമായി വീടുകളില്‍നിന്നും മാറി താമസിക്കേണ്ട സാഹചര്യം വന്നാല്‍ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയിട്ടുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതണമെന്ന് ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ നിർദ്ദേശിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ കൈയ്യില്‍ കരുതേണ്ടവ:

1. ഒരു ലിറ്റര്‍ വെള്ളം

2. അത്യാവശ്യം വേണ്ട മരുന്നുകള്‍, മുറിവില്‍ പുരട്ടാവുന്ന മരുന്നുകള്‍

3. ടോര്‍ച്ച്, മെഴുകുതിരി, തീപ്പെട്ടി

4. വ്യക്തി ശുചിത്വ വസ്തുക്കളായ ബ്രഷ്, പേസ്റ്റ്, സാനിറ്ററി പാഡ്, ടിഷ്യൂപേപ്പര്‍ എന്നിവ

5. ലഘു ഭക്ഷണങ്ങളായ ബിസ്‌ക്കറ്റ്, ബ്രെഡ്, ഉണക്കമുന്തിരി, നിലക്കടല എന്നിവ

6. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വീടിന്റെ ആധാരം, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിങ്ങനെയുള്ള പ്രധാനപെട്ട രേഖകള്‍

7. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ കത്തി

8. സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍

9. മൊബൈല്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്

10. മാസ്‌ക്, ഒരു ജോഡി ഡ്രസ്സ്, അത്യാവശ്യത്തിനുള്ള പണം

11. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വിസില്‍