സ്‌നേഹ തണലില്‍ ആഘോഷപൂർവ്വം വയോജനങ്ങളുടെ വായന പക്ഷാചരണം

post

കാസർഗോഡ് ജില്ലയിലെ പരവനടുക്കം തണല്‍ ഗവ.വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹത്തണലായി വായന പക്ഷാചരണം. വൃദ്ധമാതാക്കളുടെ ഒത്തുകൂടല്‍, വായനാ പ്രോത്സാഹനം, കവിതാ പാരായണം, ജി.ശങ്കരപിള്ള അനുസ്മരണം എന്നീ പരിപാടികൾ പക്ഷാചരണത്തിന്റെ ഭാഗമായി നടന്നു.

പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധസദനത്തില്‍ കാസര്‍കോട് ബ്ലോക്കുപഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, കാസര്‍കോട് ചെമ്മനാട് ഗ്രാമപഞ്ചായത്ത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സാക്ഷരത മിഷന്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ജി.എം.ആര്‍.എസ്. എസ്.പി.സി യൂണിറ്റ്, ജി.എച്ച്.എസ് ആന്റ് ജി.എച്ച്.എസ്.എസ് ചെമ്മനാട്, വായനാ പക്ഷാചരണ ജില്ലാതല സംഘാടക സമിതി, സന്നദ്ധ സംഘടന എന്നിവര്‍ സംയുക്തമായാണ് വായനാപക്ഷാചരണം സംഘടിപ്പിച്ചത്.

അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേം രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ.സൈമ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ വായനാ സന്ദേശം നല്‍കി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി.കെ.ഷീബാ മുംതാസ് വായനാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരവനടുക്കം ഗവ.വൃദ്ധമന്ദിരത്തിലെ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഗവ.വൃദ്ധമന്ദിരം സൂപ്രണ്ട് ബി.മോഹനന് കൈമാറി.

തണല്‍ എന്ന പേരിലുള്ള ഗവ.വൃദ്ധ സദനത്തിലെ അന്തേവാസിയായ ലക്ഷ്മി സ്വന്തമായി തയ്യാറാക്കിയ പൂച്ചെണ്ട് നല്‍കിയാണ് അസിസ്റ്റന്റ് കളക്ടറെ സ്വീകരിച്ചത്. എഴുത്തുകാരിയായ കുട്ടിയമ്മ സ്വന്തമായി എഴുതിയ കവിത ചൊല്ലി. ജി.എം.ആര്‍.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നടൻ പാട്ടും ശ്രദ്ധേയമായി. വായനദിനത്തില്‍ അന്തേവാസികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു.

കാസര്‍കോട് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി.പ്രഭാകരന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.എ.ബദറുല്‍ മുനീര്‍, ജില്ല പ്രബേഷന്‍ ഓഫീസര്‍ പി.ബിജു, സാക്ഷരതമിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, പരവനടുക്കം ഗവ.വൃദ്ധമന്ദിരം സൂപ്രണ്ട് ബി.മോഹനന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ബാബു മണിയങ്ങാനം തുടങ്ങിയവർ പങ്കെടുത്തു.