കോവിഡ് 19; യാത്രക്കാരെ തിരിച്ചയച്ച് ജില്ലാ കലക്ടറും കമ്മീഷണറും

post

കൊല്ലം : ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങള്‍ പാലിക്കാതെ അനാവശ്യ യാത്ര ചെയ്യുന്നവരെ നഗരവീഥികളില്‍ തടഞ്ഞ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറും സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണനും. കൊല്ലം ചിന്നക്കടയില്‍ രാവിലെ തന്നെ നിലയുറപ്പിച്ച കലക്ടറും കമ്മീഷണറും നിരവധി യാത്രക്കാരെയാണ് ബോധവത്കരണം നടത്തി വീടുകളിലേക്ക് തിരിച്ചയച്ചത്. ആശുപത്രിയിലേക്കും മറ്റും പോകുന്ന അത്യാവശ്യ യാത്രക്കാരെ മാത്രമാണ് കടത്തിവിട്ടത്.

തുടര്‍ന്ന് ചിന്നക്കടയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജില്ലാ കലക്ടര്‍ പരിശോധന നടത്തി. സാധനങ്ങളുടെ കഴിഞ്ഞ ദിവസത്തെ വിലയും നിലവിലെ വിലയും ബില്ലുകള്‍ വച്ച് ഒത്തുനോക്കിയ      കലക്ടര്‍  സാധനങ്ങള്‍ക്ക് അധികവില ഈടാക്കരുതെന്നും അവശ്യസാധനങ്ങള്‍ പൂഴ്ത്തിവയ്ക്കരുതെന്നും നിര്‍ദേശിച്ചു. വിപണിയില്‍ അന്യായ വിലവര്‍ധന ഉണ്ടാക്കിയാല്‍ അത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന പോകുന്നതെന്നും സമൂഹ വ്യാപനം തടയാന്‍ പുറത്തിറങ്ങാതെ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കൊറോണ പോസിറ്റീവ്  കേസുകള്‍ ഇല്ലെങ്കിലും അതീവ ജാഗ്രത തുടരുമെന്നും കലക്ടര്‍ പറഞ്ഞു.