നിക്ഷേപ മഹാസംഗമത്തിനൊരുങ്ങി ജില്ല; റൈസിംഗ് കാസര്‍ഗോഡ് സെപ്തംബര്‍ 18ന്

post

കാസര്‍ഗോഡ് ജില്ലയുടെ വ്യവസായ കുതിപ്പിന് ഊര്‍ജമാകാന്‍ ആഗോള നിക്ഷേപകരെ പങ്കാളികളാക്കി ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തിന് സെപ്തംബര്‍ 18ന് തുടക്കമാകും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചു നില്‍ക്കുന്ന കാസര്‍കോട് സ്വദേശികളായവരെയും നിലവില്‍ ജില്ലയിലുള്ളവരെയും നിക്ഷേപക സംഗമത്തില്‍ പങ്കാളികളാക്കും. 

രണ്ട് ദിവസത്തെ സംഗമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറോളം നിക്ഷേപകര്‍ പങ്കെടുത്ത് ആശയങ്ങള്‍ അവതരിപ്പിക്കും. ജില്ലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവസംരംഭകര്‍ ഇരുപതോളം ആശയങ്ങളും അവതരിപ്പിക്കും. നിക്ഷേപക സംഗമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിക്കുന്നതിനുള്ള സഹായങ്ങള്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും നല്‍കും. സംരംഭങ്ങള്‍ തുടങ്ങാനാവശ്യമായ ഭൂമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് നിക്ഷേപക സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

സെപ്തംബര്‍ 19ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ നിക്ഷേപക സംഗമം സമാപിക്കും. ചീഫ് സെക്രട്ടറി വി.വേണു, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആശയങ്ങള്‍ ആഗസ്റ്റ് 11 വരെ സ്വീകരിക്കും

റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമത്തില്‍ നിക്ഷേപകരുടെ മുന്നില്‍ പ്രൊജക്ട് ആശയങ്ങള്‍ അവതരിപ്പിക്കാം. താല്പര്യമുള്ള സംരംഭകര്‍ക്ക് പ്രൊജക്ട് ആശയങ്ങള്‍ അയക്കാവുന്നതാണ്. അവസാന തീയതി ആഗസ്റ്റ് 11. ഇമെയില്‍ risingkasargod@gmail.com. ഫോണ്‍ 8921307823.