കേരളശ്ശേരിയില്‍ ആദ്യത്തെ സമ്പൂര്‍ണ മാലിന്യ ശേഖരണ വാര്‍ഡായി വലിയപറമ്പ്

post

പാലക്കാട് കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് 12-ാം വാര്‍ഡിനെ ആദ്യത്തെ സമ്പൂര്‍ണ മാലിന്യ ശേഖരണ വാര്‍ഡായി പ്രഖ്യാപിച്ചു. പ്രഖ്യാപനം ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഡിലെ മുഴുവന്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി ഹരിതകര്‍മ്മ സേന അജൈവമാലിന്യവും യൂസര്‍ഫീയും ശേഖരിച്ചു കഴിഞ്ഞു. സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിനായി വാര്‍ഡ് വികസന സമിതി 'നന്മഭൂമി വലിയപറമ്പ്' എന്ന പദ്ധതിയും ആവിഷ്‌കരിച്ചു.

പദ്ധതിയുടെ ഭാഗമായി വാര്‍ഡില്‍ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കുന്നതിനായി ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുകയും ആട്, പശു വളര്‍ത്തുന്ന കര്‍ഷകര്‍ക്കായി അവിടെ ഉണ്ടാവുന്ന ചാണകം സംസ്‌കരിക്കുന്നതിനായി ഏറോബിക് കമ്പോസ്റ്റ് പിറ്റ് സൗജന്യമായി നല്‍കുകയും ചെയ്തു. വീടുകളില്‍ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുന്നതിനായി ഹരിത ഭവന പ്രഖ്യാപനം സംഘടിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും സൗജന്യമായി തുണിസഞ്ചി വിതരണം ചെയ്തു. മാലിന്യ സംസ്‌കരണത്തിന്റെ അവബോധം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കുട്ടികളുടെ ശുചിത്വ ഉത്സവവും സംഘടിപ്പിച്ചു. നന്മഭൂമി പദ്ധതിയുടെ ഭാഗമായി 100 ശതമാനം അജൈവ മാലിന്യശേഖരണവും പഞ്ചായത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

2023-24 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളെ അംഗീകരിക്കുന്ന ഗ്രാമസഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ എ. രജനി അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, പഞ്ചായത്തംഗങ്ങളായ ബി. ഷാജിത, എം. രമ, വി.ഇ.ഒ എസ്.ആര്‍ ശാലിനി, ആശ വര്‍ക്കര്‍മാര്‍, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍, ഗ്രാമസഭ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.