സപ്ലൈകോ കാസർഗോഡ് ജില്ലാതല ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു

post

ന്യായവിലയ്ക്ക് നല്‍കുന്നതിന് സപ്ലൈകോ സംഭരിച്ചത് 250 കോടിയുടെ അവശ്യസാധനങ്ങള്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സപ്ലൈകോ ജില്ലാതല ഓണം ഫെയര്‍ കാസര്‍ഗോഡ് പുതിയ ബസ്സ്സ്റ്റാന്റില്‍ തുറമുഖം മ്യൂസിയം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഓണത്തെ വരവേല്‍ക്കുന്നതിന് 250 കോടിയുടെ അവശ്യസാധനങ്ങളാണ് വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉത്സവകാലങ്ങളിലെ വിപണി ഇടപെടലുകള്‍ നടത്തി അവശ്യ സാധനങ്ങള്‍ ന്യായവിലക്ക് ഗുണമേന്‍മയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ രീതിയിലും, വിപണിയിലെ കടുത്ത മത്സരം നേരിടത്തക്ക വിധത്തിലുമാണ് സപ്ലൈകോ ജില്ലാതല ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സംഭരിക്കുന്നത്. ഉത്സവ വിപണിയെ കൂടുതല്‍ കരുത്തുറ്റതും കുറ്റമറ്റതുമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സംവിധാനങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

1600ഓളം റീട്ടെയില്‍ ഔട്ട്ലറ്റുകളിലായി 4500 ലധികം തൊഴിലാളികളിലൂടെ സമാനതകളില്ലാത്ത മാതൃകയാണ് സപ്ലൈകോയുടേത്. സബ്സിഡി സാധനങ്ങള്‍ വാങ്ങുവാനായി ഒരു മാസം 40 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്‍പ്പനശാലകളെ ആശ്രയിക്കുന്നു. രാജ്യത്തെങ്ങുമില്ലാത്ത അത്രയും വിപുലവും കാര്യക്ഷമവുമായ പൊതുവിതരണ സംവിധാനവും, വിപണി ഇടപെടല്‍ ശൃംഖലയുമുള്ള സംസ്ഥാനമാണ് കേരളം.

കേന്ദ്ര സര്‍ക്കാറിന്റെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട ഉപഭോക്തൃവില സൂചികയെ അടിസ്ഥാനപ്പെടുത്തിയ പണപ്പെരുപ്പത്തിന്റെ നില പരിശോധിക്കുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് കേരളത്തിന്റെ സ്ഥാനം. പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 7.44% ആയിരിക്കുമ്പോള്‍, കേരളത്തില്‍ അത് 6.43% മാത്രമാണ്. ഈ സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍, ഓണക്കാലത്ത് സംസ്ഥാനത്ത് വിപുലമായ തോതില്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയറുകളില്‍ പൊതുജന പങ്കാളിത്തം വര്‍ദ്ധിക്കുമെന്ന് സര്‍ക്കാറിന് ഉറപ്പുണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി.

ഓണം ഫെയറില്‍ നിറയെ ഓഫറുകള്‍

സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് സമാനമായി ഉപഭോക്തൃ സൗഹൃദ അന്തരീക്ഷത്തിലാണ് ഓണം ഫെയര്‍ നടക്കുന്നത്. ജര്‍മ്മന്‍ ഹാങ്ങര്‍ സംവിധാനത്തില്‍ മുഴുവനായും ശീതീകരിച്ച സ്റ്റാളുകളാണ് ഓണം ഫെയറിനായി ഒരുക്കിയിരിക്കുന്നത്. ഓണം ഫെയറിലും സപ്ലൈകോയുടെ വില്പന ശാലകളിലും സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതിന് പുറമെ, ഓഗസ്റ്റ്  28 വരെ  വിവിധ നിത്യോപയോഗ സാധനങ്ങള്‍ വലിയ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ ഒരുക്കിയിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് 5 ഇനം ശബരി ഉല്‍പ്പന്നങ്ങള്‍ സപ്ലൈകോ പുതുതായി വിപണിയില്‍ ഇറക്കിയിട്ടുണ്ട്.

നിലവില്‍ സപ്ലൈകോ നല്‍കുന്ന വിലക്കുറവിനെക്കാള്‍, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും, വിവിധ കൂടുതല്‍ വിറ്റഴിയുന്ന ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും കൂടി ഒരുക്കിയിരിക്കുന്നു എന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായതാണ്. ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ഇന്റീരിയര്‍ സൗകര്യങ്ങളും, വില്‍പ്പനാ രീതിയും സപ്ലൈകോ നടത്തുന്ന ഈ വര്‍ഷത്തെ ജില്ലാ ഓണം ഫെയറിന്റെ  പ്രത്യേകതയാണ്.  

മില്‍മ, കേരഫെഡ്, കുടുംബശ്രീ പോലുള്ള  സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഫെയറുകളില്‍ സ്റ്റാളുകള്‍ക്കുള്ള സൗകര്യവും ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്ത് 23 മുതല്‍ 28 വരെ താലൂക്ക് തല ഫെയറുകളും, നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കും. പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനത്തോടൊപ്പം, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ഗിഫ്റ്റ് വൗച്ചര്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുമായി ചെന്ന് ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ഓണത്തിനാവശ്യമായ പലവ്യജ്ഞനങ്ങളും പച്ചക്കറികളും വാങ്ങാം.