പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ നിര്‍മിച്ച് ആലത്തൂര്‍ സബ് ജയില്‍ അന്തേവാസികള്‍

post

പാലക്കാട് : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഇവ നിര്‍മ്മിച്ച് നല്‍കുകയാണ് ആലത്തൂര്‍ സബ്ജയിലിലെ അന്തേവാസികള്‍. മാസ്‌ക് നിര്‍മ്മാണത്തിന് ആവശ്യമായ തുണി പുറമെ നിന്ന് വാങ്ങി മൂന്ന് ലെയര്‍ മാസ്‌കുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതുവരെ ഏകദേശം 600 ഓളം മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കിക്കഴിഞ്ഞു.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കും താലൂക്ക് ഓഫീസിലേക്കും നേരിട്ട് ഓര്‍ഡറുകള്‍ വരുന്നുണ്ട്. ഉപയോഗ ശേഷം കഴുകി ഇസ്തിരിയിട്ട് മാസ്‌കുകള്‍ പുനരുപയോഗിക്കാന്‍ കഴിയും. ജയിലിലെ മൂന്ന് അന്തേവാസികളാണ് മാസ്‌കുകള്‍ നിര്‍മിക്കുന്നത്. ഇവര്‍ക്ക് ഇതിനുള്ള വേതനം നല്‍കുമെന്നും ആലത്തൂര്‍ സബ് ജയില്‍ സൂപ്രണ്ട് എം.കെ. ബാലകൃഷ്ണന്‍ അറിയിച്ചു.