ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തി

post

ശബരിമല മണ്ഡല - മകരവിളക്ക് തീർഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി കോട്ടയം ജില്ലയിലെ എരുമേലി ദേവസ്വം ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘടന ഭാരവാഹികളുടെയും യോഗം ചേർന്നു. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർഥാടകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കണമല അട്ടിവളവിൽ മുൻകരുതലുകൾ സ്വീകരിക്കും. ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന് ബദൽപാതകൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ട്. തീർഥാടനകാലം ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഒരുക്കുമെന്നും എം.എൽ.എ പറഞ്ഞു.

മാലിന്യനിർമ്മാർജ്ജനത്തിൽ ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പറഞ്ഞു. ജൈവ, അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. തീർഥാടന മേഖലയിൽ മാലിന്യം കുന്നുകൂടുന്നത് തടയാൻ ലേലം ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾ മാലിന്യം തരംതിരിച്ച് ശേഖരിക്കണമെന്ന നിർദേശം ലേലനിബന്ധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു പാലിക്കാത്തവർക്കെതിരേ കർശനനടപടിയെടുക്കും. മേഖലയിലേക്കുള്ള ഇടറോഡുകൾ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്താൻ പൊതുമരാമത്ത് നിരത്തുവിഭാഗത്തിന് നിർദേശം നൽകി. ദിശാസൂചന ബോർഡുകൾ, റിഫ്ളക്ടറുകൾ, അപകടമുന്നറിയിപ്പ് ബോർഡുകൾ എന്നിവ ഇല്ലാത്ത സ്ഥലങ്ങളിൽ സ്ഥാപിക്കും.

കണമല, ഓരുങ്കൽ കടവ്, കൊരട്ടിപാലം, കഴുതകടവ് തുടങ്ങി എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. എരുമേലി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയടക്കം സമീപ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ഈ ആശുപത്രികളിൽ മരുന്നുകളും ആന്റിവെനം, ആന്റി റാബീസ് എന്നിവയും ഉറപ്പാക്കാനും നിർദേശിച്ചു. ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലൻസ് എരുമേലിയിൽ എല്ലാദിവസവും ഉണ്ടാകും. ആവശ്യമായ മെഡിക്കൽ സംഘത്തെ നിയമിക്കാനും ഹോട്ടലുകൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനും ഡി.എം.ഒയെ ചുമതലപ്പെടുത്തി. ആയുർവേദ-ഹോമിയോ മെഡിക്കൽ സംഘത്തിന്റെ സേവനം കടപ്പാട്ടൂർ, എരുമേലി, ഏറ്റുമാനൂർ ഇടത്താവളങ്ങളിൽ ഏർപ്പെടുത്തും.

എല്ലാ ഇടത്താവളങ്ങളിലും എരുമേലി മേഖലയിലും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാൻ കെ.എസ്.ഇ.ബി.യ്ക്ക് നിർദേശം നൽകി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള പോയിന്റ് സ്ഥാപിക്കാനും നിർദേശിച്ചു. തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും ഉറപ്പാക്കണം.

എല്ലാ ഹോട്ടലുകളിലും അഞ്ചു ഭാഷകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തും. 24 മണിക്കൂറും ശുദ്ധജലലഭ്യത ഉറപ്പാക്കാൻ ജല അതോറിറ്റിക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് ഫയർ എൻജിനുകളും സ്‌കൂബ ഡൈവിംഗ് ടീമും സജ്ജമാണെന്ന് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗം അറിയിച്ചു. അനധികൃതമദ്യ നിർമാണവും വിൽപ്പനയും തടയാൻ കർശന പരിശോധന നടത്തുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഇടത്താവളങ്ങളിൽ അടിസ്ഥാന സൗകര്യമുറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽ കുമാർ, ഡിവൈ.എസ്.പി. എം. അനിൽ കുമാർ, തഹസിൽദാർ ബെന്നി മാത്യു, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ പി. ദിലീപ് കുമാർ, അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ജി. ഗോപകുമാർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.