ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തിന്റെ വികസന യാത്ര

post

പശ്ചാത്തല സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നൂതന പദ്ധതികൾ എന്നിവയിലൂടെ പുത്തൻ വികസന ഗാഥ രചിക്കുകയാണ് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ നിയോജക മണ്ഡലം. അടക്കാപുത്തൂര്‍-കല്ലുവഴി റോഡ്, ജി.എച്ച്.എസ്.എസ് ചെര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍ ഗണേശഗിരി സ്‌കൂള്‍ കെട്ടിടങ്ങള്‍, ചെര്‍പ്പുളശ്ശേരി ടൗണ്‍ നവീകരണം എന്നിങ്ങനെ പൂര്‍ത്തിയായതും പുരോഗമിക്കുന്നതുമായ പ്രവര്‍ത്തികളിലൂടെ പുരോഗമന പാതയിലൂടെ കുതിക്കുകയാണ് ഷൊര്‍ണ്ണൂരും.

മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ

16.128 കോടി കിഫ്ബി ഫണ്ടില്‍ അടക്കാപുത്തൂര്‍-കല്ലുവഴി റോഡ് പ്രവര്‍ത്തി പൂര്‍ത്തിയായി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ വെള്ളിനേഴി പഞ്ചായത്തിനെയും ഒറ്റപ്പാലം മണ്ഡലത്തിലെ പൂക്കോട്ടുകാവ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലാണ് റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. 2017-18 സംസ്ഥാന ബജറ്റില്‍ 4.5 കോടിയില്‍ ചളവറ -ചേറമ്പറ്റക്കാവ് റോഡ് പൂര്‍ത്തിയായി. 25 ലക്ഷം രൂപ ചെലവിലാണ് ഷൊര്‍ണൂര്‍ നഗരസഭയിലെ കുളപ്പുള്ളി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായത്.

വിദ്യാഭ്യാസ മേഖലക്കും ഊന്നല്‍

5 കോടി കിഫ്ബി ഫണ്ടില്‍ ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചു. ഒരുകോടി രൂപ ഫണ്ടില്‍ ഷൊര്‍ണൂര്‍ ഗണേശഗിരി സ്‌കൂള്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍

ചെര്‍പ്പുളശ്ശേരി നഗരസഭയിലെയും അനങ്ങനടി, ചളവറ, തൃക്കടീരി പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടിവെളള പദ്ധതിക്കായി ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 187.81 കോടി രൂപക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അനങ്ങടി, ചളവറ, തൃക്കടീരി പഞ്ചായത്തുകളും ചെര്‍പ്പുളശ്ശേരി നഗരസഭയും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ എല്ലാ വീടുകളിലും ടാപ്പുകള്‍ വഴി ശുദ്ധമായ കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. ജല്‍ജീവന്‍ പദ്ധതിക്ക് പുറമേ ചെര്‍പ്പുളശ്ശേരി നഗരസഭ കുടിവെളള പദ്ധതിക്കായി സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയും അമൃത് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി 10 കോടി രൂപയും വകയിരുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

39.6 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെര്‍പ്പുളശ്ശേരി ടൗണ്‍ നവീകരണവും പുരോഗമിക്കുകയാണ്. ഇതില്‍ 28.17 കോടിയുടെ സിവില്‍ വർക്കുകളാണ് നടപ്പാക്കുന്നത്. ചെര്‍പ്പുളശ്ശേരി ഗവ ആശുപത്രി മുതല്‍ ഒറ്റപ്പാലം ജങ്ഷന്‍ വരെ 750 മീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് നാലുവരിപ്പാതയാക്കും. നടപ്പാത, ഓവര്‍ ബ്രിഡ്ജ്, അഴുക്കുചാല്‍, വഴിവിളക്കുകള്‍ സ്ഥാപിക്കും. നെല്ലായ സിറ്റി മുതല്‍ കച്ചേരിക്കുന്ന് വരെയുള്ള നാല് കിലോമീറ്റര്‍ ടൗണ്‍ ഭാഗം ഉള്‍പ്പെടുത്താതെ വീതികൂട്ടും.

28.2 കോടിയില്‍ ഒറ്റപ്പാലം പെരിന്തല്‍മണ്ണ റോഡ് പ്രവര്‍ത്തി ആരംഭിച്ചു. 23 കോടിയില്‍ ഷൊര്‍ണൂര്‍ നഗരസഭ പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ഭരണാനുമതി ലഭിച്ചു. 20 കോടി കിഎഫ്ബി ഫണ്ടില്‍ ശ്രീകൃഷ്ണപുരം-മുറിയങ്കണ്ണി -ചെത്തല്ലൂര്‍ റോഡ് പ്രവൃത്തി പുരോഗമിക്കുന്നു. 2019 ലെ പ്രളയത്തില്‍ തകര്‍ന്ന വാണിയംകുളം പഞ്ചായത്ത് മാന്നന്നൂര്‍ ഉരുക്ക് തടയണയുടെ പുനര്‍നിര്‍മാണം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.60 കോടി രൂപ വകയിരുത്തി നടപ്പാക്കുകയാണ്.

ഷൊര്‍ണൂര്‍ ഗവ ഐ.പി.ടി ആന്‍ഡ് പോളിടെക്നിക് കോളേജില്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിങ്‌സ് പ്ലാന്‍ ഫണ്ടില്‍ നിന്നും 6.10 കോടി രൂപ ചെലവഴിച്ച് ഇലക്ട്രോണിക്സ് ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തിലാണ്. 5.55 കോടിയില്‍ കമ്പ്യൂട്ടര്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയും ലഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2.27 കോടിയില്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മാണം പുരോഗമിക്കുന്നു.

കായിക വകുപ്പ് പ്ലാന്‍ ഫണ്ടില്‍ 4.61 കോടിയില്‍ വാണിയംകുളം പഞ്ചായത്ത് ടര്‍ഫ് സ്റ്റേഡിയം ഒരുങ്ങുകയാണ്. കായിക വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂന്ന് കോടി ചെലവിട്ട് കോതകുര്‍ശ്ശി-അനങ്ങനടി ടര്‍ഫ് നിര്‍മ്മാണം പുരോഗമിക്കുന്നു. സംസ്ഥാന ബജറ്റ് 4 കോടി രൂപ വകയിരുത്തി ഷൊര്‍ണൂര്‍ നഗരസഭ കുളപ്പുള്ളി കണയം റോഡ് ബി.എം ആന്‍ഡ് ബി.സി പ്രവര്‍ത്തിയും പുരോഗമിക്കുന്നു. 4 കോടിയില്‍ ചെര്‍പ്പുളശ്ശേരി പന്നിയംകുര്‍ശ്ശി-തൂത റോഡ് ബി.എം ആന്‍ഡ് ബി.സി പദ്ധതിക്കും ഭരണാനുമതിയായിട്ടുണ്ട്.

മൂന്നു കോടിയില്‍ വെള്ളിനേഴി സ്‌കൂള്‍ കെട്ടിട നിര്‍മാണം ആരംഭ ഘട്ടത്തിലാണ്. ചളവറ ഗ്രാമപഞ്ചായത്ത് കവുനിക്കുളം നവീകരണത്തിന് 2 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 1.73 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ ചെര്‍പ്പുളശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനത്തിനൊരുങ്ങി.


1.50 കോടി ചെലവില്‍ തൃക്കടീരി ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് , 1 കോടി രൂപ വീതം ചെലവിട്ട് അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്ലാക്കാട്ടുകുളം, നെല്ലായ ഗ്രാമപഞ്ചായത്ത് പേങ്ങാട്ടിരി ടൗണ്‍ നവീകരണം, നെല്ലായ പുലാക്കാട് റോഡ് നവീകരണം, മാരായമംഗലം ഹൈസ്‌കൂള്‍ പുതിയ കെട്ടിട നിർമാണം എന്നിവയും വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.

എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ ചെലവിൽ ഷൊര്‍ണൂര്‍ നഗരസഭയില്‍ ടൗണ്‍ഹാള്‍ നിർമാണം 60 ലക്ഷം രൂപയില്‍ നെല്ലായ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മാണം, 50 ലക്ഷത്തില്‍ ഷൊര്‍ണൂര്‍ നഗരസഭ കെട്ടിട നിര്‍മാണം എന്നിവ ആരംഭ ഘട്ടത്തിലാണ്. കൂടാതെ എ.എല്‍.എ ആസ്തി വികസന ഫണ്ടില്‍ 30 ലക്ഷം രൂപ ചെലവില്‍ വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മാണം ആരംഭ ഘട്ടത്തിലാണ്. എ.എല്‍.എ ആസ്തി വികസന ഫണ്ടില്‍ 30 ലക്ഷം രൂപ ചെലവില്‍ ചെര്‍പ്പുളശ്ശേരി ഗവ ഹോസ്പിറ്റലില്‍ എക്‌സ്-റേ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. നാട്ടിൽ മികച്ച കായിക സംസ്കാരം വളർത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റില്‍ നിന്ന് 50 ലക്ഷം രൂപ ചെലവില്‍ തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ പൊതുകളിസ്ഥലവും ഒരുങ്ങുകയാണ്.