നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ പരിശോധന പൂര്‍ത്തിയാക്കി

post

അഞ്ച് മണ്ഡലങ്ങളിലെയും പരാതികളുടെ സ്‌കാനിംഗ് കഴിഞ്ഞു

മുഖ്യമന്ത്രിയും മന്ത്രിമാരും കാസർഗോഡ് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച പരാതികളുടെ പരിശോധനയും സ്‌കാനിംഗും പൂര്‍ത്തിയാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറില്‍ സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ ആറ് ദിവസത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് റവന്യൂ ജീവനക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വനിതാ ജീവനക്കാരുള്‍പ്പെടെ 64 ജീവനക്കാര്‍ രാത്രിയും പകലും സജീവമായതോടെ നടപടികള്‍ വേഗത്തിലായി. മഞ്ചേശ്വരം , കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച 14,446 പരാതികളുടെ സ്‌കാനിംഗാണ് പൂര്‍ത്തിയാക്കിയത്.

അപൂര്‍ണവും അവ്യക്തവുമായ ആയിരത്തോളം പരാതികള്‍ അതാത് താലൂക്ക് ഓഫീസുകളിലേക്ക് കൈമാറും. വില്ലേജ് ഓഫീസുകളിലേക്ക് അയച്ച് ഈ പരാതികള്‍ വീണ്ടും അയക്കാന്‍ ആവശ്യപ്പെടും. തൃക്കരിപ്പൂര്‍ ഒഴികെയുള്ള ബാക്കി മണ്ഡലങ്ങളിലെ പരാതികളുടെ വിവരങ്ങള്‍ നവകേരള സദസ്സിന്റെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പരാതികളുടെ ഡാറ്റാ എന്‍ട്രി ശനിയാഴ്ച പൂര്‍ത്തിയാക്കും. പരാതികള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്ന ഘട്ടത്തില്‍തന്നെ അതാത് വകുപ്പുകള്‍ക്കും കൈമാറി.

പരാതികള്‍ മണ്ഡലം തിരിച്ച്: 

മഞ്ചേശ്വരം- 1874, കാസര്‍കോട്- 3451, ഉദുമ- 3700, കാഞ്ഞങ്ങാട്- 2941, തൃക്കരിപ്പൂര്‍- 2480.


കൂടുതല്‍ പരാതികള്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക്

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങളിലെ പരാതികള്‍ പരിശോധിച്ച് സ്‌കാന്‍ ചെയ്ത് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയപ്പോള്‍ കൂടുതല്‍ പരാതികള്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക്. 1816 പരാതികളാണ് ഇതുവരെ വകുപ്പിലേക്ക് ലഭിച്ചത്.

മറ്റ് വകുപ്പുകളും ലഭിച്ച പരാതികളും

ഭക്ഷ്യ പൊതുവിതരണ വകുപ്പ്- 390, പി.ഡബ്ല്യൂ.ഡി- 343, വിദ്യാഭ്യാസം- 302, പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ്- 270, തൊഴില്‍ വകുപ്പ്- 228, ആരോഗ്യ വകുപ്പ്- 220, സഹകരണം- 185, സാമൂഹ്യ നീതി വകുപ്പ്- 123.