മുനമ്പം - അഴീക്കോട് പാലം നിർമ്മാണം: ഉന്നതതല യോഗം ചേർന്നു

post

എറണാകുളം- തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുനമ്പം - അഴീക്കോട് പാലം നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.  പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.

മുനമ്പം ഭാഗത്ത് പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ മാർച്ച് 15ന് മുമ്പായി പൂർത്തീകരിക്കണം. നിലവിലുള്ള ബസ് സ്റ്റാൻഡിന് പകരം സ്ഥലം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും പഞ്ചായത്തിന് യോഗത്തിൽ നിർദേശം നൽകി.

ഏപ്രിൽ രണ്ടാം വാരത്തിനു മുമ്പായി പദ്ധതിയുടെ ഭാഗമായി വരുന്ന സ്ഥലത്തെ വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും കെഎസ്ഇബി ലൈനുകളും മാറ്റി നൽകണം. യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവ വേഗത്തിൽ പൂർത്തീകരിക്കണം. ഇതിനുള്ള തുക രണ്ട് വകുപ്പുകൾക്കും കൈമാറിയിട്ടുണ്ട്.

പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്തെ ക്രമസമാധാനം പരിപാലിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഗതാഗത തടസം ഉണ്ടാവാത്ത രീതിയിൽ വാഹനങ്ങൾ വഴിതിരിച്ച് വിടണം. പാലം നിർമ്മാണത്തിന് 196 പൈലിംഗുകളാണ് നടക്കേണ്ടത്. ഇതിൽ അഴീക്കോട് ഭാഗത്തെ 50 എണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. ഇവിടെ 18 പൈലിംഗുകൾ പൂർത്തീകരിക്കുന്നതോടെ മുനമ്പം ഭാഗത്തെ പൈലിംഗ് ആരംഭിക്കും.

കൈയ്പമംഗലം, വൈപ്പിൻ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലം കിഫ്ബി പദ്ധതിയിൽ നിന്ന് 160 കോടി ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റർ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് മുനമ്പം പാലത്തിൽ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേർന്ന് 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ആവശ്യത്തിനുള്ള വൈദ്യുതീകരണവും ഉണ്ടാകും.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ, ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ്, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു പരമേശ്വരൻ, അസിസ്റ്റൻ്റ് എൻജിനീയർ ഐ എസ് മൈഥിലി, സ്പെഷ്യൽ തഹസിൽദാർ സി ഐ ലക്ഷ്മി നായർ, റവന്യൂ, വാട്ടർ അതോറിറ്റി, കെഎസ്ഇബി, പോലീസ്, പിഡബ്ല്യുഡി, ഹാർബർ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ekm