ആമപ്പാറ ഇക്കോ ടൂറിസം കേന്ദ്രം നാടിന് സമര്‍പ്പിച്ചു

post

ഇടുക്കി ജില്ലയിലെ ആമപ്പാറ ജാലകം ഇക്കോപാര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ലോകടൂറിസം മേഖലയിലെ ട്രെന്‍ഡ് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം ഉണ്ടായതിന് ശേഷമുള്ള സര്‍വകാല റെക്കോര്‍ഡാണ് 2023ലുണ്ടായത്. 2, 18,71,141 ആഭ്യന്തരസഞ്ചാരികളാണ് 2023 ല്‍ കേരളത്തിലെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 15.92 ശതമാനം വര്‍ധനവാണിത്.

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആമപ്പാറയില്‍ നടപ്പിലാക്കിയത്. ആമപ്പാറയുടെ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി 3 കോടി 21 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ആമപ്പാറ ഇനി സഞ്ചാരികളുടെ പ്രിയ ഇടമായി മാറും. ഇടുക്കിയുടെ ടൂറിസം സാധ്യതകൾക്ക് ഊർജ്ജം പകരം പദ്ധതിയ്ക്ക് കഴിയും. കോവിഡിന് ശേഷം വിനോദസഞ്ചാരികളുടെ വരവില്‍ ഏറ്റവും വലിയ മാറ്റം സാധ്യമാക്കിയ ജില്ലയാണ് ഇടുക്കി. ആഭ്യന്തരസഞ്ചാരികളുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി ഇടുക്കി മാറിയെന്ന് മന്ത്രി പറഞ്ഞു.

തോവാളപ്പടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം.എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ ,ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.