അതിഥിത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി തൊഴില്‍ വകുപ്പ്

post

കാസര്‍കോട് : ജില്ലയില്‍ ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട അതിഥിത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി തൊഴില്‍ വകുപ്പ്. ഇവര്‍ക്ക് സുരക്ഷിതമായ വാസ സ്ഥലവും ഭക്ഷ്യ സുരക്ഷയും തൊഴില്‍ വകുപ്പ് ഉറപ്പാക്കുന്നു. തൊഴിലാളികളെ സംരക്ഷിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതോടൊപ്പം സമൂഹ അടുക്കളകള്‍ വഴിയും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തും  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു.പുതിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 14774 അതിഥിത്തൊഴിലാളികളാണുള്ളത്. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര, ഒറീസ, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ജില്ലയിലെ ഭൂരിഭാഗം അതിഥിത്തൊഴിലാളികളും.

ജില്ലയില്‍ അതിഥിത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കരാറുകാരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും അവര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിക്കുകയും  തൊഴിലാളികള്‍ക്ക് ഭക്ഷണവും സേവനവും ഉറപ്പു വരുത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും തൊഴില്‍ വകുപ്പ് നല്‍കുന്നു. ഈ  നിര്‍ദേശം അനുസരിക്കാത്ത കരാറുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.കരാറുകാര്‍ക്ക് കീഴിലല്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് സമൂഹ അടുക്കള വഴി ഭക്ഷണം നല്‍കുന്നു.കൂടാതെ സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണ ലഭ്യമല്ലാത്തവര്‍ക്കായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭക്ഷ്യകിറ്റുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചു. ഉരുളക്കിഴങ്ങ്, പരിപ്പ്, ചായപ്പൊടി, സവാള, ആട്ട, എണ്ണ, എന്നിവയടങ്ങുന്ന കിറ്റിലേക്കുള്ള സാധനങ്ങള്‍ സപ്ലൈകോ വഴിയാണ്  ശേഖരിച്ചത്.

ഇത് കൂടാതെ അണങ്കൂര്‍ സ്‌കൂളില്‍ അതിഥിത്തൊഴിലാളികള്‍ക്കായി ജില്ലാതലത്തില്‍  ഒരു ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. 34 പേരാണ് ഈ ക്യാമ്പിലുള്ളത്. കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ സമൂഹ അടുക്കളയില്‍ നിന്നാണ്  ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്.ഭക്ഷണത്തിനും താമസത്തിനും പുറമെ  തൊഴിലാളികള്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക്കുകള്‍ തുടങ്ങിയ ലഭ്യമാക്കാനും കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരാതി നല്‍കാന്‍ 24 മണിക്കൂറും സംവിധാനം

കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസിലേക്ക് അതിഥി തൊഴിലാളികള്‍ക്ക് വിളിച്ച് പരാതി അറിയിക്കാം.24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 04994  256950. പരാതിക്കാര്‍ക്ക് മലയാളത്തിലും ഹിന്ദിയും മറുപടി ലഭിക്കും.പരാതിക്കാരുടെ ആവശ്യം ഭക്ഷണമാണെങ്കില്‍, ബന്ധപ്പെട്ട വാര്‍ഡ് തല ജാഗ്രതസമിതി അധ്യക്ഷനെ വിളിച്ച് സമൂഹ അടുക്കളയിലൂടെ തൊഴില്‍ വകുപ്പ് ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കും.  ബന്ധപ്പെട്ട കരാറുകാരന്‍  തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ശമ്പളവും നിഷേധിക്കുകയാണെങ്കില്‍, കരാറുകാരുമായി സംസാരിച്ച് തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ശമ്പളവും ഉറപ്പുവരുത്തും. നിലവില്‍ 94 പരാതികള്‍ ലഭിച്ചെന്നും ഇവയെല്ലാം കൃത്യമായി പരിഹരിച്ചിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍ അറിയിച്ചു.