കൊവിഡ്-19: പാട്ടും കവിതയും ഫോട്ടോഗ്രാഫിയുമായി സൈബര്‍ അരങ്ങ്

post

* ലോക്ക്ഡൗണ്‍ കാലം സര്‍ഗാത്മകമാക്കി കുടുംബശ്രീ വനിതകള്‍

എറണാകുളം : കൊറോണ വൈറസ് വ്യാപന ഭീതിയെ ദൂരെയകറ്റി ലോക്ക് ഡൗണ്‍ കാലം സര്‍ഗാത്മക വാസനകള്‍ വീണ്ടെടുക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയാണ് എറണാകുളം ജില്ലയിലെ കുടുംബശ്രീ വനിതകള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടിനുള്ളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് കലാപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ട് വിരസതയും മാനസിക സമ്മര്‍ദ്ദവുമറ്റുന്നതിനും  സൈബര്‍ അരങ്ങ്  എന്ന പേരില്‍ വ്യത്യസ്തമായ പരിപാടികളാണ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്.  സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വാട്ട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് നിലവില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രായപരിധിയോ മറ്റ് മാനദണ്ഡങ്ങളോ ഒന്നുമില്ല.  വേണ്ടത് സര്‍ഗശേഷിയും അത് പ്രയോജനപ്പെടുത്താനുള്ള ആവേശവും മാത്രം.  സൈബര്‍ അരങ്ങു വഴി അയല്‍ക്കൂട്ട വനിതകള്‍ ഇതു തെളിയിക്കുമെന്നു തന്നെയാണ്  കുടുംബശ്രീയുടെ പ്രതീക്ഷ. സാമൂഹിക അകലം പാലിച്ചു കൊണ്ട് വീടിനുള്ളില്‍ കഴിയുന്ന സ്ത്രീകള്‍ക്കായി വാട്ട്‌സാപ് മത്സരങ്ങളാണ് കുടുംബശ്രീ ആസൂത്രണം ചെയ്തിരിക്കുന്നത്. നല്ല പാട്ടുകാരി, എന്റെ കവിതാ  , ഫോട്ടോഗ്രാഫി എന്നിങ്ങനെ മൂന്നിനങ്ങളിലാണ് മത്സരം നടത്തുന്നത്. സംഘടനാ സംവിധാനവും ജെന്‍ഡര്‍ വിഭാഗവും സംയുക്തമായാണ് പരിപാടികളുടെ മേല്‍നോട്ടവും നടത്തിപ്പും.

 ജില്ലയിലെ 101 സിഡിഎസുകളിലും എഡിഎസുകളിലും അയല്‍ക്കൂട്ടതലത്തിലും ഇതുമായി  ബന്ധപ്പെട്ട് വാട്ട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ നടത്തിയ സൈബര്‍ അരങ്ങ് മത്സരത്തില്‍ മികച്ച പാട്ടുകാരിയെ കണ്ടെത്താനുള്ള മത്സരമാണ് സംഘടിപ്പിച്ചത്. 26514 അയല്‍ക്കൂട്ടങ്ങളിലെ 3,75,335 അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു മത്സരത്തിന്റെ സംഘാടനം. അയല്‍ക്കൂട്ട വനിതകള്‍ പാടിയ ഒരു പാട്ടിന്റെ വീഡിയോ അയല്‍ക്കൂട്ടത്തിന്റെ വാട്ട്‌സാപ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു. പിന്നീട് അത് എഡിഎസിലേക്കും അവിടെ നിന്നും സിഡിഎസിലേക്കും എത്തിക്കുന്നു. പിന്നീട് സിഡിഎസിന്റെ നേതൃത്വത്തില്‍ സംഗീത മേഖലയില്‍ നിന്നുള്ള വിധികര്‍ത്താക്കള്‍ക്ക് മത്സരത്തില്‍ ലഭിച്ച പാട്ടുകളെല്ലാം അയച്ചു കൊടുത്തിട്ടുണ്ട്. അതിനു ശേഷം ഓരോ സിഡിഎസില്‍ നിന്നും ഏറ്റവും മികച്ച ഒരു ഗാനം വീതം സെലക്ട് ചെയ്ത് അത് ബ്‌ളോക്കിലേക്ക് അയച്ചു കൊടുക്കുന്ന നടപടികളും പൂര്‍ത്തിയാക്കി.  ഇങ്ങനെ ലഭിച്ച 101 പാട്ടുകളില്‍ നിന്നും ബ്‌ളോക്ക് തലത്തില്‍ ഏറ്റവും മികച്ച  14 ഗായകരെ കണ്ടെത്തുന്ന നപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുളള ചുമതല കുടുംബശ്രീയുടെ  ജെന്‍ഡര്‍ വിഭാഗത്തിനു കീഴിലുള്ള  സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്കിനാണ്. ലോക്ക് ഡൗണ്‍ കാലത്തിനു ശേഷം 14 ഗായികമാരില്‍ നിന്നും ജില്ലാതലത്തില്‍ ഏറ്റവും മികച്ച ഗായികയെ കണ്ടെത്തും.  720 സ്ത്രീകളാണ് നല്ല പാട്ടുകാരി മത്സരത്തില്‍ ആവേശ പൂര്‍വം പങ്കെടുത്തത്. 

ഏപ്രില്‍ ആറു മുതല്‍ 10 വരെ നടത്തുന്ന എന്റെ കവിതാ മത്സരമാണ് സൈബര്‍ അരങ്ങിലെ മറ്റൊരു രസകരമായ ഇനം. അയല്‍ക്കൂട്ട വനിതകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള വിഷയത്തില്‍ എട്ടു വരികളുള്ള ഒരു കവിത എഴുതി ആദ്യം അയല്‍ക്കൂട്ട വാട്ട്‌സാപ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യാം. അവിടെ നിന്നും എഡിഎസ്, സിഡിഎസ് ഗ്രൂപ്പിലേക്കും  പിന്നീട് ഈ കവിതകള്‍ എത്തിക്കും. ഇങ്ങനെ ഓരോ സിഡിഎസിലും ലഭിക്കുന്ന കവിതകള്‍ അതത് സിഡിഎസിന്റെ നേതൃത്വത്തിലുള്ള വിധികര്‍ത്താക്കള്‍ക്ക് അയച്ചു കൊടുക്കുകയും ഓരോ സിഡിഎസില്‍ നിന്നും ഏറ്റവും മികച്ച ഒരു കവിത വീതം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന 101 കവിതകള്‍ ബ്‌ളോക്ക്തല മത്സരത്തിനായി അയച്ച് അതില്‍ നിന്നും 14 കവിതകള്‍ തിരഞ്ഞെടുക്കുകയും ഒടുവില്‍ ജില്ലാതല മത്സരം നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്യും. 101 കവിതകള്‍ ഉള്‍പ്പെടുത്തി ഒരു കവിതാ സമാഹാരവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കും. 

ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുളള വനിതകള്‍ക്ക് പങ്കെടുക്കാന്‍  അവസരമൊരുക്കി ഫോട്ടോഗ്രാഫി മത്സരവും സൈബര്‍ അരങ്ങിലുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് അയല്‍ക്കൂട്ട വനിതകള്‍ തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നും കണ്ടെത്തിയ തികച്ചും മാതൃകാപരവും അനുകരണീയവുമായ  ഒരു ദൃശ്യം -എന്നതാണ് ഫോട്ടോഗ്രാഫിക്കു നല്‍കിയിരിക്കുന്ന വിഷയം. ഇതു പ്രകാരം മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പരിസരങ്ങളില്‍ കണ്ട മിച്ചൊരു ദൃശ്യത്തിന്റെ ചിത്രമെടുത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാവുന്നതാണ്.  മൊബൈലോ ക്യാമറയോ ഇതിനായി ഉപയോഗിക്കാം. ആശയത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് വിലയിരുത്തുക. നല്ല പാട്ടുകാരി. എന്റെ കവിത തുടങ്ങിയ മത്സരങ്ങളുടെ അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് ഫോട്ടോഗ്രാഫി മത്സരത്തിനും. 

എല്ലാ മത്സരങ്ങളും അതത് അയല്‍ക്കൂട്ടത്തിന്റെ വാട്ട്‌സാപ് ഗ്രൂപ്പു വഴിയാണ് നടത്തുന്നത്. മൂന്നു മത്സരങ്ങളിലും അവസാന റൗണ്ടില്‍ 14 പേര്‍ വീതം ഉണ്ടാവും. കൊവിഡ്-19 ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞ് പൊതു ജീവിതം സാധാരണമാകുന്നതോടെ മൂന്നു മത്സരങ്ങളുടെയും ഫൈനല്‍ സംഘടിപ്പിച്ച് വിജയിയെ കണ്ടെത്തി കാഷ് അവാര്‍ഡുകള്‍ നല്‍കും. നിലവില്‍ കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ വളരെ സജീവമാണ്. മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മാണം, കമ്യൂണിറ്റി കിച്ചണ്‍, മാനസിക സമ്മര്‍ദമകറ്റുന്നതിന് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സലിങ്ങ് എന്നിങ്ങനെ  നിരവധി മേഖലയില്‍  കുടുംബശ്രീ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചു വരികയാണ്. നല്ല പാട്ടുകാരിയും നല്ല കവയിത്രിയും നല്ല ഫോട്ടോഗ്രാഫറുമെല്ലാം ആരാണെന്നറിയണമെങ്കില്‍ ഇനി ഈ അടച്ചിടല്‍ കാലം കഴിയുന്നതും കാത്തിരിക്കുകയാണ് ജില്ലയിലെ കുടുംബശ്രീ വനിതകള്‍.