സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിച്ചു

post

തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വ്വഹിച്ചു. കോട്ടൂര്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ പാറ്റാംപാറ ആദിവാസി കോളനിയിലെ അന്തേവാസികള്‍ക്ക് കിറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എ.എ.വൈ കാര്‍ഡുടമകളായ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കാണ് ഈ ഘട്ടത്തില്‍ ഭക്ഷ്യ കിറ്റ് നല്‍കുന്നത്. പാറ്റാംപാറ ആദിവാസി കോളനി നെടുമങ്ങാട് കൊടിയ മല ആദിവാസി കോളനി തുടങ്ങി വനത്തിനുള്ളിലുള്ള പ്രദേശങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ പട്ടികവര്‍ഗ്ഗകാര്‍ക്ക് 5225 ഭക്ഷ്യ കിറ്റുകളാണ് നല്‍കുന്നത്.

പട്ടികവര്‍ഗ്ഗത്തില്‍പ്പെടാത്ത എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍ നിന്ന് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കും. പഞ്ചസാര, ചായപ്പൊടി, ഉപ്പ്, ചെറുപയര്‍, കടല, വെളിച്ചെണ്ണ, ആട്ട, റവ, മുളകുപൊടി, മല്ലിപ്പൊടി, പരിപ്പ്, മഞ്ഞള്‍പ്പൊടി, ഉലുവ, കടുക്, സോപ്പ്, സണ്‍ ഫ്ളവര്‍ ഓയില്‍, ഉഴുന്ന് എന്നിങ്ങനെ 17 ഇനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്. മറ്റ് കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ. കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, പഞ്ചായത്തംഗങ്ങള്‍ , സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.