കോവിഡ് 19 : നിയന്ത്രണങ്ങളില്‍ ഇളവ്: ഹാര്‍ബറുകള്‍ സജീവമാകുന്നു

post

കൊല്ലം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍  ഭാഗികമായി നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ജില്ലയിലെ ഹാര്‍ബറുകള്‍ സജീവമായി. നീണ്ടകര, ശക്തി കുളങ്ങര ഹാര്‍ബറുകള്‍ ചെറിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യദിനത്തില്‍ നെയ്മീന്‍, മുരല്‍, കാരല്‍, കൊഴുചാള, കഴന്തല്‍, കരിക്കാടി, ഞണ്ട്, നാരല്‍ എന്നിവയാണ് ലഭിച്ചത്.  നീണ്ടകര ഹാര്‍ബറില്‍ വള്ളങ്ങള്‍ മാത്രം അടുക്കുവാനായിരുന്നു നിര്‍ദേശം. രജിസ്റ്റര്‍ ചെയ്ത 14 വള്ളങ്ങളിലായി നീണ്ടകര ഹാര്‍ബറില്‍  7000 കിലോ ചരക്കിറക്കി.

ശക്തികളങ്ങരയില്‍ നിന്നും 68 ബോട്ട് രജിസ്റ്റര്‍ ചെയ്തതില്‍ 60 ബോട്ടുകള്‍ പണി കഴിഞ്ഞ് വരുകയും മത്സ്യം ഇറക്കുകയും ചെയ്തു. 5,000 കിലോ ചരക്കാണ് ശക്തികുളങ്ങരയില്‍ ഇറക്കിയത്. അഴീക്കല്‍ ഹാര്‍ബറില്‍ മൂന്ന് ബോട്ടുകള്‍ മത്സ്യവുമായി എത്തി.  

 മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങള്‍ തൊഴിലാളികളുടെ വിവരം ഉള്‍പ്പെടെ ഫിഷറീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അല്ലാത്തവരെ ഹാര്‍ബറില്‍ മല്‍സ്യം ഇറക്കാന്‍ അനുവദിക്കില്ല എന്നും നിര്‍ദേശം കൊടുത്തിട്ടുണ്ട്. എല്ലാ ഹാര്‍ബറിലും ലേലം ഒഴിവാക്കിയാണ് കച്ചവടം നടത്തിയത്. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ നിശ്ചയിക്കുന്ന അടിസ്ഥാന വിലയിലാണ് മത്സ്യവിപണനം നടക്കുന്നത്