മൂന്ന് വെന്റിലേറ്ററുകള്‍ ലഭ്യമാക്കി

post

കാസര്‍ഗോഡ്  : ജില്ലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്  ഏഴ് ലക്ഷം രൂപ   വിലമതിക്കുന്ന  ശരീരകോശങ്ങളെ ദോഷകരമായി  ബാധിക്കാത്ത  (നോണ്‍ ഇന്‍വാസിവ്) മൂന്ന് വെന്റിലേറ്ററുകള്‍  ലഭ്യമാക്കി. വി-ഗാഡ് ആണ് വെന്റിലേറ്ററുകള്‍ സൗജന്യമായി നല്‍കിയത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു  പ്രവര്‍ത്തിക്കുന്ന വി-ഗാഡ് സീനിയര്‍ മാനേജര്‍  പ്രദീഷ്  പി മുന്‍കൈയെടുത്താണ് വെന്റിലേറ്റര്‍   ലഭ്യമാക്കിയത്. കാസര്‍കോടിന്റെ  പ്രത്യേക സാഹചര്യം പരിഗണിച്ച് അടിയന്തര ഘട്ടത്തില്‍ ലഭ്യമാക്കിയ വെന്റിലേറ്റര്‍ കാസര്‍കോട് ജനറല്‍ ആശുപത്രി,  കാഞ്ഞങ്ങാട് ജില്ലാശുപത്രി, പനത്തടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരോ വെന്റിലേറ്റര്‍ ഉപയോഗിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത്  പ്രത്യേക  വാഹന സൗകര്യം ഉപയോഗിച്ചുകൊണ്ടാണ് കോയമ്പത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്  വെന്റിലേറ്റര്‍  എത്തിച്ചത്. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി വെന്റിലേറ്റര്‍ ഏറ്റു വാങ്ങി.  ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, ജില്ലാ ആശുപത്രി ആര്‍ എം ഒ ഡോ റിജിത്  കൃഷ്ണന്‍,  സീനിയര്‍ സൂപ്രണ്ട് ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.