അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്

post

കൊല്ലം  : അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറിയ കണ്ണി വലിപ്പമുള്ള ഉടക്ക് വലകള്‍, ചീന വലകള്‍, ഊന്നി വലകള്‍ എന്നിവ ഉപയോഗിച്ച് മത്സ്യകുഞ്ഞുങ്ങളെയും പൂര്‍ണ വളര്‍ച്ചയെത്താത്ത ചെമ്മീന്‍ കുഞ്ഞുങ്ങളെയും പിടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പട്രോളിംഗ് ശക്തമാക്കി ഫിഷറീസ് വകുപ്പ്. ചവറ, പുതുക്കാട്, കോടിയില്‍ കായല്‍വാരം, തലമുകില്‍ എന്നിവിടങ്ങളില്‍ നിന്നായി ഇരുപതിലധികം തൂപ്പും പടലും ഫിഷറീസ് വകുപ്പിന്റെ കായല്‍ പട്രോളിംഗ് ടീം നീക്കം ചെയ്തു.

ഫിഷറീസ് ഇന്‍സ്പെക്ടര്‍ കെ ഒ ബിന്ദുവിന്റെ നേതൃത്വത്തില്‍ വകുപ്പ് ജീവനക്കാരായ ബി ബിനോയി, നിഥിന്‍, ഷിബു, മുരുകന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ മനു, ഷിന്റോ എന്നിവര്‍ ചേര്‍ന്നാണ് തൂപ്പും പടലും നീക്കം ചെയ്തത്. കരിമീന്‍ ഉള്‍പ്പടെ കായലിലെ തനത് മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന ഇത്തരം അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. വലയും മറ്റ് ഉപകരണങ്ങളും കണ്ട് കെട്ടുകയും 10,000 രൂപ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇത്തരം മത്സ്യബന്ധന രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം 0474-2792850, 9496007036, 9495209148 എന്നീ നമ്പരുകളില്‍ അറിയിക്കാം.