രക്ഷാദൗത്യം: ലക്ഷദ്വീപിൽ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു
കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ ദ്വീപുകളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനും കേരളത്തിൽ കുടുങ്ങിപ്പോയ ദ്വീപ് നിവാസികളെ തിരികെ എത്തിക്കുന്നതിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ അറിയിച്ചു. ലക്ഷദ്വീപിൽ നിന്ന് മടങ്ങേണ്ടവർക്കും ദ്വീപിലേക്ക് എത്തേണ്ടവർക്കും ഇതിൽ രജിസ്റ്റർ ചെയ്യാം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിൽ കയറിയാൽ ഓൺലൈൻ പോർട്ടലിലേക്കുള്ള ലിങ്ക് ലഭിക്കും. കോവിഡ് പരിശോധന നടത്തിയ ശേഷമാകും ഇവരെ അതത് സ്‌ഥലങ്ങളിൽ എത്തിക്കുക.
ലക്ഷദ്വീപിൽ നിന്ന് മടങ്ങേണ്ട കേരളത്തിൽ നിന്നുള്ളവർ നോർക്കയിൽ രജിസ്റ്റർ ചെയ്യേണ്ടതും കേരളത്തിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അവരെ മടക്കി അയക്കുമെന്നും മുഹമ്മദ് ഫൈസൽ അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയുമായും മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.ടി.ജലീൽ എന്നിവരുമായും ഫോണിൽ സംസാരിച്ചെന്നും ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചാലുടൻ ഇവരെ മടക്കി അയക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എം.പി അറിയിച്ചു. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒരുക്കിയിട്ടുണ്ട്. മംഗലാപുരത്തും കോഴിക്കോടും കുടുങ്ങിയ ദ്വീപ് നിവാസികൾ ആശങ്കപ്പെടേണ്ടതില്ല. മംഗലാപുരത്ത് ലാബ് ടെസ്റ്റ് സൗകര്യം ഇല്ലാത്തത് പ്രതിസന്ധിയാണെന്നും ഇവരെ രക്ഷപ്പെടുത്താൻ മംഗലാപുരത്തേക്ക് കപ്പൽ അയക്കാൻ ആലോചിക്കുന്നുണ്ടെന്നും എം.പി അറിയിച്ചു. ഇതിനായി ഐ സി എം ആറിനോട് അനുമതി ചോദിച്ചിട്ടുണ്ട്. ഇത് നടക്കാതെ വന്നാൽ ഇവരെ കൊച്ചിയിൽ എത്തിച്ച ശേഷം കോവിഡ് പരിശോധന നടത്തി ദ്വീപികളിലേക്ക് കൊണ്ടുപോകും. കോഴിക്കോട് ഉള്ളവർക്കു അവിടെ തന്നെ കോവിഡ് ടെസ്റ്റ് നടത്താൻ ശ്രമം തുടരുകയാണെന്നും എം.പി അറിയിച്ചു.