ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

പാലക്കാട് : ജില്ലയില്‍ ഇന്നലെ(മെയ് 11) ഒരാള്‍ക്ക് കോവിഡ് 19 സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശിക്കാണ് (50 വയസ്സ്) രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടുകാരനായ ഡ്രൈവറടക്കം കൂടെ ജോലി ചെയ്യുന്ന ഒമ്പത് പേരടങ്ങുന്ന സംഘമായി തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് ഇദ്ദേഹം പാലക്കാട്ടെത്തിയത്. മെയ് ആറിന് രാവിലെ ഒമ്പതിന് വാളയാര്‍ അതിര്‍ത്തിയില്‍ എത്തി ഒരു മണിക്കൂര്‍ അവിടെ ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തങ്ങിയിരുന്നു. അന്ന് ഇദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എട്ട് പേരടങ്ങുന്ന സംഘത്തെ മാങ്ങോടുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനായ കേരള മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇന്നലെ ഫലം വരികയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ചെന്നൈയില്‍ ചായക്കട നടത്തുന്ന ആളാണ് ഇദ്ദേഹം .ഏപ്രില്‍ 22ന് തിരക്ക് കുറവായതിനാല്‍ ചായ കട അടക്കുകയായിരുന്നു. നാട്ടിലേക്ക് പാസ് മുഖേനയാണ്. എത്തിയത്. ഇദ്ദേഹത്തോടൊപ്പമുള്ള മറ്റ് എട്ട് പേരേയും നിരീക്ഷിച്ച് വരികയാണെന്നും സ്രവ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.