ട്രെയിന്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കളക്ടര്‍

post

തിരുവനന്തപുരം : ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. യാത്രക്കാരുടെ ആരോഗ്യ പരിശോധന കര്‍ശനമായി നടത്തും. ഇതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ  ആശുപത്രിയിലേക്ക് മാറ്റും.  ഓണ്‍ലൈനില്‍ അപേക്ഷിച്ച് ലഭിച്ച  പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പാസുള്ളവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.

യാത്രക്കാരുടെ ശ്രദ്ധക്ക്

* തിരുവനന്തപുരം ജില്ലയിലേയ്ക്ക് ടിക്കറ്റ് കണ്‍ഫോമായവര്‍ ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നതിനായി covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

*  മറ്റു മാര്‍ഗങ്ങളില്‍ കൂടി പാസ്സിന് അപേക്ഷിച്ചിരുന്നവര്‍ ട്രെയിന്‍ മാര്‍ഗമാണ്  സഞ്ചരിക്കുന്നതെങ്കില്‍  അപേക്ഷ പുനഃസമര്‍പ്പിക്കണം. mode of travel 'train'  എന്ന് രേഖപ്പെടുത്തുകയും വേണം.

* ഒറ്റ ടിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെടുന്നുവെങ്കില്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഗ്രൂപ്പ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം.

*  പുറപ്പെടുന്ന സ്റ്റേഷന്‍, എത്തിച്ചേരുന്ന സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പി.എന്‍.ആര്‍ നമ്പര്‍  എന്നിവ പോര്‍ട്ടലില്‍ രേഖപെടുത്തണം

* റെയില്‍വേ സ്റ്റേഷനില്‍ മെഡിക്കല്‍ സ്‌ക്രീനിങ്ങിന് നിര്‍ബന്ധമായും  വിധേയരാകണം. ഒപ്പം ക്വാറന്റൈന്‍  മാര്‍ഗ  നിര്‍ദേശങ്ങളും പാലിക്കണം.

* യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാവൂ. ഇതിനുള്ള പാസ് ഓണ്‍ലൈനായി വാങ്ങണം. വാഹനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന  പ്രകാരം അകലം പാലിച്ചു പാര്‍ക്ക് ചെയ്യണം.  

* തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാര്‍ ക്രമീകരിച്ചിരിക്കുന്ന വഴികളിലൂടെ മാത്രമേ  പുറത്തേക്ക് പോകാന്‍ പാടുള്ളു.

*   ക്യു പാലിച്ചു മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌കിലേക്ക് എത്തണം.  20മുതല്‍ 25 പേര് മാത്രമേ ഒരു സമയം ഡെസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യാവു. ക്യുവില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.

* യാത്രക്കാരുടെ ലഗേജുകള്‍ സ്റ്റേഷനില്‍ എര്‍പ്പെടുത്തിയ സൗകര്യം ഉപയോഗിച്ച് നിര്‍ബന്ധമായും അണു വിമുക്തമാക്കണം.

*  സ്റ്റേഷനില്‍  നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി  പാലിക്കണം.

ഇതര ജില്ലകളിലേക്കു പോകുന്നവര്‍ക്കായി  കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യമുണ്ടാകും.  സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.  കേരളത്തില്‍ നിന്ന് പോകാനുള്ള പാസും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെ പാസും  കൈയില്‍ കരുതണം.  കണ്‍ഫേര്‍മ്ഡ് ടിക്കറ്റുമായി നാലുമണിക്കുര്‍ മുമ്പ് യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തണം. പ്ലാറ്റ് ഫോം ടിക്കറ്റ് അനുവദിക്കില്ല.