കോവിഡ് പ്രതിരോധ സന്നാഹങ്ങളോടെ പരീക്ഷയ്ക്കൊരുങ്ങി കോട്ടയം

കോട്ടയം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് നടത്താന്‍ കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് 257ഉം ഹയര്‍ സെക്കന്‍ഡറിക്ക് 133 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 36ഉം പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
ഈ സ്കൂളുകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ അണുനശീകരണത്തിന് ഇന്നലെ(മെയ് 23) തുടക്കം കുറിച്ചു. ഒരു ക്ലാസ് മുറിയില്‍ 20 വിദ്യാര്‍ഥികള്‍ക്കു വീതമാണ് ഇരിപ്പിടമൊരുക്കുന്നത്.
ഹോട് സ്പോട്ടുകളില്‍നിന്ന് എത്തുന്നവര്‍ക്കായി പ്രത്യേക ക്ലാസ്മുറിയും ശുചിമുറിയും സജ്ജീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഒരു കവാടത്തിലൂടെ മാത്രമായിരിക്കും സ്കൂളിലേക്ക് പ്രവേശനം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുന്നതിനും ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് പനി പരിശോധിക്കുന്നതിനും കവാടത്തില്‍തന്നെ ക്രമീകരണമുണ്ടാകും. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് ഓണ്‍ലൈനില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ എല്ലാ സ്കൂളുകളിലും ലഭ്യമാക്കും.
വിദ്യാര്‍ഥികള്‍ക്ക് ധരിക്കുന്നതിനായി ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമും സര്‍വ്വശിക്ഷ കേരളയും ചേര്‍ന്ന് തയ്യാറാക്കിയ മാസ്കുകളും സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖയും ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും അധ്യാപകരും ചേര്‍ന്ന് വീടുകളില്‍ എത്തിച്ചു നല്‍കിവരുന്നു.
വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്തുന്നതിന് പ്രത്യേക ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. സ്വന്തമായി വാഹനമില്ലാത്ത സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സമീപ മേഖലകളിലെ എല്‍.പി, യു.പി സ്കൂളുകളുടെ വാഹനങ്ങള്‍ ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി ബസുകളും ഇതിനായി ഉപയോഗിക്കും.അധ്യാപകര്‍ കയ്യുറയും മാസ്കും ധരിച്ചായിരിക്കും പരീക്ഷ ചുമതലകള്‍ നിര്‍വഹിക്കുക.