ഹലോ ... അങ്കണവാടി ടീച്ചറാണ് ...

post

"കൂടെയുണ്ട് അങ്കണവാടികൾ" ക്യാമ്പയിന് തുടക്കം

എറണാകുളം: ലോക് ഡൗൺ കാലഘട്ടത്തിൽ വീടുകളിലിരിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും ,ഗർഭിണികൾക്കും മാനസിക പിന്തുണ നൽകാൻ 'കൂടെയുണ്ട് അംഗനവാടികൾ ' ക്യാമ്പയിനുമായി അംഗനവാടി ടീച്ചർമാർ. സ്മാർട്ട് ഫോണുകളിലൂടെ വീഡിയോ കോൾ വഴി ഗുണഭോക്താക്കളെ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയുകയാണ് ചെയ്യുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ബ്ലോക്ക് തലങ്ങളിൽ നിയമിച്ചിട്ടുള്ള ജീവനക്കാരുടെ സാങ്കേതിക പരിജ്ഞാനവും സേവനവുമാണ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഗർഭിണികളെ ആണ് അങ്കണവാടി പ്രവർത്തകർ വിളിക്കുന്നത്. ലോക്ക് ഡൗൺ കാലത്തു ഗർഭിണികൾ സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ, ആരോഗ്യ സംരക്ഷണത്തിന് വേണ്ട ഭക്ഷണ ശീലങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ നിർദേശങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അങ്കണവാടി പ്രവർത്തകർ നൽകുന്നതാണ്.

ജില്ലയിലെ 2858 അങ്കണവാടികളിലും ഒരേ പോലെ ഒരേ ദിവസം നടന്ന പരിപാടിയുടെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ , ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി , ജില്ലയിലെ ശിശു വികസന പദ്ധതി ഓഫീസർമാർ , ഐ സി ഡി എസ്‌ സൂപ്പർവൈസർമാർ എന്നിവരും ഗർഭിണികൾക്കും കുടുംബാംഗങ്ങൾക്കും കോൺഫറൻസ് കാൾ ലൂടെ ബോധവൽക്കരണം നടത്തുകയും അങ്കണവാടി സേവന ലഭ്യത സംബന്ധിച്ച അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു.

ലോക് ഡൗൺ പശ്ചാത്തലത്തിൽ അങ്കണവാടി കേന്ദ്രത്തിലെ വിവിധ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് നൽകി വരുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ അങ്കണവാടി പ്രവർത്തകരും ടേക്ക് ഹോം റേഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. "കുടുംബങ്ങളിലേക്ക് അങ്കണവാടികൾ" എന്ന പദ്ധതിയിലൂടെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ക്ഷേമവും സുഖവിവരങ്ങൾ അന്വേഷിക്കുകയും ലഭ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. സാമൂഹ്യ അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് അവബോധവും സേവനങ്ങളും നൽകുവാനാണ് അടുത്ത ഘട്ടത്തിൽ അംഗനവാടികൾ ഉദ്ദേശിക്കുന്നത്. ഇതിൻറെ ഭാഗമായാണ് "കൂടെയുണ്ട് അങ്കണവാടികൾ ക്യാമ്പയിൻ ."

പരസ്പര ചർച്ചകളിലൂടെ പങ്കെടുക്കുന്നവരുടെ ആകുലതകൾ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, പരാമർശ സേവനങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുക, ഗുണപരമായ മാതൃകകൾ പങ്കുവെക്കുകയും ശേഖരിക്കുകയും ചെയ്യുക, പങ്കാളിത്ത പ്രവർത്തനത്തിലൂടെ തൽസമയ വിവരശേഖരണവും വിലയിരുത്തലും തുടർ പ്രവർത്തനം ആസൂത്രണം ചെയ്യുക, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏതു പ്രതികൂല സാഹചര്യത്തിലും അങ്കണവാടികൾ ഗുണഭോക്താക്കൾക്ക് ഒപ്പമുണ്ട് എന്ന വിശ്വാസം സൃഷ്ടിക്കുക, സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കൾക്ക് പ്രയോജനകരമായ സ്വഭാവ പരിവർത്തനം സൃഷ്ടിക്കുക, അങ്കണവാടി ഉപഭോക്താക്കളുടെയും പ്രവർത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക തുടങ്ങിയവ നടപ്പിലാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.