'ഇനി ഞാനൊഴുകട്ടേ' ക്യാമ്പയിനുമായി ഹരിതകേരളം മിഷന്‍

post

കൊല്ലം: ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തില്‍ നടത്തുന്ന 'ഇനി ഞാനൊഴുകട്ടെ' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 73 നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.  മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 14 മുതല്‍ 22 വരെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായാണ് ക്യാമ്പയിന്‍. ഒരു നീര്‍ച്ചാലും അതിന്റെ ഉപനീര്‍ച്ചാലുകളുമാണ് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കുക. ചെളിയും മാലിന്യവും നീക്കി നീരൊഴുക്ക് വര്‍ധിപ്പിച്ച് തടയണകള്‍ നിര്‍മിച്ചാണ് പുനരുജ്ജീവനം സാധ്യമാക്കുന്നത്. ജില്ലയില്‍ ആകെയുളള 68 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കൊല്ലം കോര്‍പ്പറേഷനിലും ഉള്ള നീര്‍ച്ചാലുകളാണ് ശുചീകരിക്കുക.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, മൈനര്‍ ഇറിഗേഷന്‍, ആരോഗ്യം ഫയര്‍ ഫോഴ്‌സ്, കുടുംബശ്രീ, തുടങ്ങിയ വകുപ്പുകളും എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, ക്ലബ്ബുകള്‍, വായനശാലകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഏകോപിപ്പിച്ചാണ്  ശുചീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്.
  ഡിസംബര്‍ 12 ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേകം യോഗം നടത്തി ക്യാമ്പയിന്‍ ആസൂത്രണം ചെയ്യണം. 24ന് അവലോകനം നടത്തും. ജലസ്രോതസ്സുകളിലെ കൈയ്യേറ്റം തടയുന്നതിനായി റവന്യൂ വകുപ്പ് രേഖകള്‍ പരിശോധിച്ച് പഞ്ചായത്ത് സെക്രട്ടറി അടിയന്തര നടപടികള്‍ കൈക്കൊള്ളണം.
സംസ്ഥാനതലത്തില്‍ തിരഞ്ഞെടുത്ത രണ്ടാമത്തെ മികച്ച ഹരിത പഞ്ചായത്തായ പെരിനാട് പഞ്ചായത്തിനും ജില്ലയിലെ മികച്ച പഞ്ചായത്തായി തരിഞ്ഞെടുത്ത കുലശേഖരപുരം ഗ്രാമപഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിന്റെയും പഞ്ചായത്ത് വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും മെമന്റോ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നല്‍കി.
എം എല്‍ എ മാരായ എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പി ആര്‍ ഗോപാലകൃഷ്ണന്‍, ഡി ഡി പി വിനുവാഹിദ്, ദാരിദ്ര്യ ലഘൂകരണ പ്രൊജക്ട് കോ  ഓര്‍ഡിനേറ്റര്‍ എ. ലാസര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ഐസക് തുടങ്ങിയവര്‍ സംസാരിച്ചു.