ഉറക്കം മറന്ന് ഉദ്യോഗസ്ഥര്‍; നന്ദി പറഞ്ഞ് അതിഥി തൊഴിലാളികള്‍
കോട്ടയം : ബീഹാറിലേക്ക് പുറപ്പെട്ട തൊഴിലാളികള്‍ക്ക് യാത്ര പറഞ്ഞ് കളക്ടറേറ്റില്‍ നിന്നുള്ള സംഘം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സമയം ശനിയാഴ്ച്ച(ജൂണ്‍ 13) പുലര്‍ച്ചെ രണ്ടരയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തുടങ്ങിയ അധ്വാനത്തിന്റെ പരിസമാപ്തി. ചിലരുടെ ജോലി അവിടെയും തീര്‍ന്നില്ല. തിരികെ ഓഫീസിലെത്തി കണക്കുകള്‍ ക്രോഡീകരിച്ച് സംസ്ഥാനതല കോവിഡ് വാര്‍ റൂമിലേക്ക് അയച്ച് അവര്‍ വീട്ടിലേക്ക് പുറപ്പെടുമ്പോഴേക്കും നേരം പുലര്‍ന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരം ആറിനും രാത്രി 11.45നും ശനിയാഴ്ച്ച പുലര്‍ച്ചെയുമായി മൂന്നു ട്രെയിനുകളില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള 1687 അതിഥി തൊഴിലാളികളാണ് ഇവിടെനിന്ന് അസം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളിലേക്ക് മടങ്ങിയത്. പതിവുപോലെ തൊഴിലാളികളെ സീറ്റില്‍ ഇരുത്തുന്നതുവരെയുള്ള എല്ലാ ക്രമീകരണങ്ങളും ചിട്ടയോടെ പൂര്‍ത്തീകരിച്ചത് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരുമാണ്. പോലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍, ആപ്തമിത്ര, സാന്ത്വനം, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, മുന്‍കാല എന്‍.സി.സി കേഡറ്റുകള്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം നടപടികളില്‍ പങ്കാളികളാകുന്നു.
മെയ് 18ന് കോരിച്ചൊരിഞ്ഞ മഴയ്ക്കിടയിലും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ കോട്ടയത്തുനിന്നുള്ള ആദ്യ ട്രെയിനില്‍ തൊഴിലാളികളെ ബംഗാളിലേക്ക് അയച്ചായിരുന്നു ഇവരുടെ തുടക്കം. ഇതുവരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിവിധ ജില്ലകളില്‍നിന്നുള്ള 23908 പേരെയാണ് ഇവര്‍ യാത്രയാക്കിയത്. ഇതില്‍ 20916 കോട്ടയം ജില്ലയില്‍നിന്നാണ്. എറണാകുളത്ത് എത്തിച്ച് നാട്ടിലേക്ക് അയച്ച തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു.
മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികയിലുള്ള തൊഴിലാളികളെ ഓരോ താലൂക്ക് കേന്ദ്രങ്ങളില്‍നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കോട്ടയത്ത് എത്തിക്കും. താലൂക്ക്, വില്ലേജ് ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് ഇതിന്റെ ചുമതല. എല്ലാ ബസുകളും നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വന്നശേഷം തിരക്ക് ഒഴിവാക്കുന്നതിനായി ഓരോ ബസ് വീതമാണ് റെയില്‍വേ സ്റ്റേഷനിലേക്ക് അയയ്ക്കുന്നത്.
പ്ലാറ്റ് ഫോമിലേക്ക് കടക്കും മുമ്പ് യാത്രയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും കൈമാറും. പ്ലാറ്റ് ഫോമില്‍ കാത്തു നില്‍ക്കുന്ന കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മുന്‍കുട്ടി ക്രമീകരിച്ചിട്ടുള്ള സീറ്റുകളിലേക്ക് ഓരോരുത്തരെയായി കയറ്റിയിരുത്തും. നീണ്ട കാത്തിരിപ്പിനൊടുവിലുള്ള യാത്ര സുഗമമാക്കിയതിന് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞാണ് പല തൊഴിലാളികളും മടങ്ങിയത്.
എല്ലാ നടപടികളും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കി പ്രത്യേക സ്റ്റിക്കര്‍ പതിച്ച് സീറ്റുകള്‍ ക്രമീകരിക്കുന്ന ജോലിയും കളക്ടറേറ്റ് ജീവനക്കാരാണ് നിര്‍വഹിക്കുന്നത്. ട്രെയിന്‍ ഏതു സമയത്താണെങ്കിലും തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങളില്‍ പങ്കാളികളാകാന്‍ ജീവനക്കാര്‍ തയ്യാറാണ്.
ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പോലീസ് മേധാവി ജി. ജയദേവും നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നടപടികള്‍ക്ക് തുടക്കം കുറിച്ച ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും പ്രധാന ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി കളക്ടര്‍ മോന്‍സി പി. അലക്‌സാണ്ടറും കഴിഞ്ഞ മാസം സര്‍വീസില്‍നിന്ന് വിരമിച്ചു.
അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒമാരായ ജോളി ജോസഫ്, അനില്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും അതിഥി തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ നിര്‍വഹിച്ചുവരുന്നു.