ഐ എസ് ഒ തിളക്കത്തില്‍ എസ്.പി.സി കേഡറ്റുകള്‍

post

കൊല്ലം :  പ്രവര്‍ത്തന മികവിന്റെ അംഗീകാര മുദ്രയായ ഐ.എസ.്ഒയുടെ തിളക്കത്തിലാണ് കരുനാഗപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. സംസ്ഥാനത്ത്  ആദ്യമായാണ് എസ്.പി.സി യൂണിറ്റിന് ഇങ്ങനെ അംഗീകാരം ലഭിക്കുന്നത്. മികച്ച എസ്.പി.സി യൂണിറ്റിനുള്ള അംഗീകാരവും മികച്ച സി.പി.ഒയ്ക്കുള്ള പുരസ്‌കാരവുമാണ് നേടാനായത്.
ട്രാഫിക് ബോധവത്കരണനിയന്ത്രണം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, താലൂക്കാശുപത്രിയില്‍ ഭക്ഷണ വിതരണം, ശെന്തുരുണി വനമേഖലയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനം, നിര്‍ധനരായ സഹപാഠികള്‍ക്ക് നല്‍കുന്ന സഹായം, പൊലീസ് സ്റ്റേഷന്‍ വളപ്പിലെ കരനെല്‍കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം നല്‍കിയത്. എസ്.പി.സി യൂണിറ്റിന്റെ  നേതൃത്വത്തില്‍ പുതിയ ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്.  അലര്‍ട്ട് എന്ന മാഗസിനും ഇവര്‍ പുറത്തിറക്കുന്നു. വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് കുട്ടികളുടേതെന്ന് ഡ്രില്‍ ഇന്‍സ്ട്രക്ടറായ കരുനാഗപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ. ജി. ഉത്തരകുട്ടന്‍ പറഞ്ഞു. വനിത ഡ്രില്‍ ഇന്‍സ്ട്രക്ടറായ സിവില്‍ പോലീസ് ഓഫീസര്‍ ഉഷാകുമാരി,  മികച്ച എസ്.പി.ഒ യ്ക്കുള്ള അവാര്‍ഡ് നേടിയ അധ്യാപിക ജി. ശ്രീലത,  എസ്.പി.ഒ അധ്യാപകനായ അജിത് തുടങ്ങിയവരാണ് കുട്ടിപ്പൊലീസ് സംഘത്തെ നയിക്കുന്നത്.