ക്ഷീരഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് പ്രാധാന്യം നല്‍കണം

post

കൊല്ലം : ക്ഷീരഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന് കര്‍ഷകര്‍ വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നെടുമ്പന ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കന്നുകുട്ടി പ്രദര്‍ശനത്തിന്റെയും രോഗപ്രതിരോധ ക്യാമ്പുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മില്‍മ പാല്‍ സംസ്‌കരണത്തിനായി സ്ഥലം ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി ആലോചനകള്‍ നടന്നു വരികയാണെന്നും പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക സംസ്‌കൃതിയെ തിരികെ പിടിക്കാന്‍ ക്ഷീരമേഖലയുടെ വികസനം സാധ്യമാകേണ്ടതുണ്ട്. കേരളം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുത്തുവരികയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ സബ്‌സിഡി അടക്കം നല്‍കി പാല്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, ജനപ്രതിനിധികളായ ഉഷാകുമാരി, ടി എന്‍ മന്‍സൂര്‍, തോമസ് കോശി, സന്തോഷ് കുമാര്‍, റിനുമോന്‍, ക്ഷീരസംഘം പ്രസിഡന്റുമാരായ മനുകുമാര്‍, എന്‍ സുരേന്ദ്രന്‍, ഡോ എസ് ഷാജി റഹ്മാന്‍, ഡോ ബി അജിത് ബാബു, ഡോ ഡി ഷൈന്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.