ജില്ലയില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനം ഊര്‍ജിതം

post

സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി 

പാലക്കാട് : കോവിഡ് 19 പ്രതിരോധം കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സമൂഹ വ്യാപന സാധ്യത കൂടി കണക്കിലെടുത്തുള്ള സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിട്ടുണ്ട്. ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ നാല് നിലകള്‍ അടങ്ങിയ കെട്ടിടത്തില്‍ 400 ബെഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 1000 ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സാധ്യമാണെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലേക്ക് പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തുടര്‍ച്ചയായി എത്തുന്നതിനാല്‍ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനായി മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് തുടങ്ങിയവ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഉപയോഗിക്കും.

നിലവില്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചതായും രോഗലക്ഷണം ഉള്ളവര്‍, റെഡ് സോണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരെ പരിശോധിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിയ തൊണ്ണൂറോളം പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. കൂടുതല്‍ പോസിറ്റീവ് കേസ് ഉണ്ടായാല്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സംവി

ധാനങ്ങള്‍ സജ്ജമാക്കുന്നത് വരെ ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ആര്‍.പി സുരേഷ് എന്നിവര്‍ സംബന്ധിച്ചു.