മത്സ്യഫെഡ് സംഘങ്ങളുടെ സെക്രട്ടറിമാര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിക്ക് തുടക്കമായി

post

കൊല്ലം : മത്സ്യഫെഡ് സംഘങ്ങളുടെ സെക്രട്ടറിമാര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിക്ക് തുടക്കമായി. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി സംഘങ്ങളില്‍ യോഗ്യതയുള്ള സെക്രട്ടറിമാരെ നിയമിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു.

മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ സഹകരണ വിദ്യാഭ്യാസ യോഗ്യതയുള്ള സെക്രട്ടറിമാരുടെ സേവനം പ്രയോജനപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു. തീരദേശ മത്സ്യ വിപണനത്തിന് പ്രാഥമിക സംഘങ്ങള്‍ കൂടുതല്‍ ഇടപെടുന്നതിന് പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട 95 സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം ഒരു വര്‍ഷത്തേക്കാകും വേതനം നല്‍കുക. ഇതിനായി 1.14 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മത്സ്യഫെഡിന് അനുവദിച്ചിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാകും യോഗ്യതയുള്ള സഹകരണ സംഘങ്ങളെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ മരിയനാട്-പെരുമാതുറ, പുല്ലുവിള, ചേരിയമുട്ടം എന്നീ സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായം ഉദ്ഘാടന  ചടങ്ങില്‍ നല്‍കി. മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ ലോറന്‍സ് ഹരോള്‍ഡ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി പി സുരേന്ദ്രന്‍, ജില്ലാ മാനേജര്‍ എന്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.