കോട്ടയത്ത് 51 പുതിയ രോഗികൾ

post

കോട്ടയം: ജില്ലയില്‍ 51 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 39 പേരും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 10 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയുണ്ടായി.

ഉത്തര്‍ പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും വൈക്കം ടിവി പുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ഉദയനാപുരം(ആറ്), തലയാഴം, അതിരമ്പുഴ(അഞ്ചു വീതം) എന്നിവിടങ്ങളിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

45 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1422 പേര്‍ രോഗബാധിതരായി. 923 പേര്‍ രോഗമുക്തി നേടി.

1237 പേരുടെ പരിശോധനാ ഫലമാണ് ഇന്നലെ(ഓഗസ്റ്റ് 5) ലഭിച്ചത്. പുതിയതായി 1102 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ ഇതുവരെ ആകെ 35352 പേരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കി.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 152 പേരും വിദേശത്തുനിന്നു വന്ന 24 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 21 പേരും ഉള്‍പ്പെടെ 197 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിലവില്‍ ആകെ 9593 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.