മൊബൈല്‍ സ്വാബ് കളക്ഷന്‍: ജില്ലയില്‍ കിയോസ്‌ക് വാഹനങ്ങള്‍ സജീവം

post

പാലക്കാട്: കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി  അതത് പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ സ്വാബ് കളക്ഷന്‍ നടത്താന്‍ രണ്ട് വാഹനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്പോണ്‍സര്‍ഷിപ്പിലൂടെ അഹല്യ ഗ്രൂപ്പും ഒരു വാഹനം ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.

അടിയന്തര സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ടെത്തി സാമ്പിള്‍ ശേഖരിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രത്യേക സംവിധാനം സജ്ജമാക്കിയ വാഹനമാണ് മൊബൈല്‍ സ്വാബ് കളക്ഷന്‍ കിയോസ്‌ക് വാനെന്നും അധികൃതര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ മണ്ണാര്‍ക്കാട്, നന്ദിയോട് ഭാഗങ്ങളിലാണ് സ്വാബ് കളക്ഷന്‍ നടത്തിയത്. തുടര്‍ന്ന് അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിലവില്‍ പട്ടാമ്പി, പുതുനഗരം മേഖലകളിലാണ് സ്വാബ് ശേഖരണം നടത്തുന്നത്. സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച വാഹനം ആദ്യഘട്ടത്തില്‍ പാലക്കാട് നഗരസഭാ പരിധിയിലും നിലവില്‍ ആലത്തൂരിലുമാണ്  സ്വാബ് ശേഖരണം നടത്തുന്നുണ്ട്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ കഴിയാത്ത മേഖലകളില്‍ വാഹനങ്ങളിലിരുന്നാണ് സ്വാബ് ശേഖരണം നടത്തുന്നത്. നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഫോണ്‍ കോള്‍ മുഖേനയോ മെസ്സേജായോ അധികൃതര്‍ വിവരം അറിയിക്കുകയാണ് ചെയ്യുന്നത്.