പതിറ്റാണ്ടുകളുടെ നിയമ പോരാട്ടം: കുഞ്ഞന്‍ സത്യന് സ്വന്തം ഭൂമിയായി

post

കൊല്ലം : പതിറ്റാണ്ടുകള്‍ നീണ്ട  നിയമ പോരാട്ടത്തിനോടുവില്‍ കുഞ്ഞന്‍ സത്യന് സ്വന്തം ഭൂമിയായി. ഇളമാട് പഞ്ചായത്തിലെ വേങ്ങൂര്‍ മലയിലെ 50 സെന്റ് ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേളയിലൂടെ കുഞ്ഞന്‍ സത്യന് ലഭിച്ചത്.

സ്വന്തം ഭൂമിക്കായി കുഞ്ഞന്‍ സത്യന്‍  കയറിയിറങ്ങാത്ത ഓഫീസുകളില്ല അനുഭവിക്കാത്ത ദുരിതങ്ങളും. ഒടുവില്‍ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍  സംസ്ഥാന സര്‍ക്കാരിനോടും സ്ഥലം എം എല്‍ എ മുല്ലക്കര രത്‌നാകരനോടും വലിയ കടപ്പാടിന്റെ നിറ പുഞ്ചിരിയാണ് ഇദ്ദേഹത്തിന് നല്‍കാനുള്ളത്.

  ചരിത്രം സൃഷ്ടിച്ച സമര പോരാട്ട കഥയാണ് വേങ്ങൂര്‍ മലയ്ക്കുള്ളത്. വേങ്ങൂര്‍ മലയിലെ 64.55 ഹെക്ടര്‍ കൃഷിയുക്ത വനഭൂമി 1970 ല്‍ റവന്യൂ വകുപ്പിന് കൈമാറി. 1974 ല്‍ ഈ ഭൂമി 75 വിമുക്ത ഭടന്‍മാര്‍ക്ക് നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ 500 ലധികം  കുടുംബങ്ങള്‍ മലയിലെ റവന്യൂ ഭൂമി കയ്യേറി   താമസം ആരംഭിച്ചിരുന്നു.  ഇവരെ ഒഴിപ്പിച്ചു ഭൂമി വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് 23 വിമുക്ത ഭടന്‍മാര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 23 പേര്‍ക്കും  വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തെ തുടര്‍ന്നാണ്  പട്ടയം ലഭിക്കുന്നത്. ഇതില്‍ ആറ് പേരുടെ പട്ടയം മുന്‍പ് വിതരണം ചെയ്തിരുന്നു. ബാക്കിയുള്ള  17 പേര്‍ക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചിരിക്കുന്നത്.

മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് വേങ്ങൂര്‍ മലയിലെ 674 കൈവശക്കാര്‍ക്കും 17 വിമുക്തഭടന്‍മാര്‍ക്കും ഭൂമി നല്‍കാന്‍ തീരുമാനമായത്. വേങ്ങൂര്‍ മലയില്‍ താമസിക്കുന്നവര്‍ക്ക് അഞ്ച് സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ  ഭൂമിയാണ് നല്‍കുന്നത്. ആകെ 155 ഏക്കര്‍ ഭൂമിയാണ് വിതരണം ചെയ്യുന്നത്. മന്ത്രിസഭാ തീരുമാനമുണ്ടായി ഒരു മാസത്തിനുള്ളിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടയ വിതരണം നടത്തുന്നത്.