കഴക്കൂട്ടം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക്

post

തിരുവനന്തപുരം : നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഴക്കൂട്ടം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ കഴക്കൂട്ടം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുളള വിദ്യാലയങ്ങളുമായി കിടപിടിക്കാവുന്ന തരത്തിലേക്ക് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉയരുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അതിനായുള്ള പ്രധാന നടപടിയാണ് അടിസ്ഥാന സൗകര്യ വികസനം. നമ്മുടെ എല്ലാ സ്‌കൂളുകളും മികച്ച നിലവാരത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് . ഇപ്പോള്‍ ഉദ്ഘാടനം  ചെയ്ത   ഈ 34  സ്‌കൂളുകള്‍ക്ക് പുറമെ മൂന്ന്  കോടി രൂപ ഉപയോഗിച്ചു 14 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം കൂടി 100 ദിന  കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും. കൂടാതെ 250  പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.  വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

കിഫ്ബിയില്‍ നിന്നും അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ നവീകരിച്ചത്. ഇതുകൂടാതെ ജനപ്രതിനിധികളുടെ വികസന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക യോഗം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. കഴക്കൂട്ടത്തിന്റ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ആണികല്ലായി ഈ സ്‌കൂള്‍ മാറിയെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഹൈ-ടെക് ലാബുകള്‍, റിക്രിയേഷന്‍ ക്ലബ്, ആധുനിക കിച്ചന്‍, ഡൈനിങ് റൂം എന്നിവ അടങ്ങുന്നതാണ് പുതിയ മന്ദിരം.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ ചടങ്ങില്‍ ആദരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.