കോവിഡ് ബാധിതരില്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ

post

എറണാകുളം: ജില്ലയില്‍ കോവിഡ് ബാധിതരാകുന്നതില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. റിവേഴ്‌സ് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ നേട്ടമായാണ് ഇത് കണക്കാക്കുന്നത്. ഇതില്‍ തന്നെ ഭൂരിപക്ഷം പേരും 70 വയസില്‍ താഴെ പ്രായമുള്ളവരാണ്. (ആകെ രോഗികളില്‍ 7% പേര്‍). ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളില്‍ 60.8% പേരും പുരുഷന്മാരാണ്. ആകെയുള്ള രോഗികളില്‍ 22.77% പേര്‍ 2131 വയസിനിടയില്‍ പ്രായമുള്ള ആളുകളാണ്. 3,141 വയസിനിടയിലുള്ള 18.89% പേര്‍ പോസിറ്റീവ് ആയി.

കോവിഡ് രോഗലക്ഷണമുള്ളവര്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിച്ചതിന്റെ ഫലമായി 100 പരിശോധനകളില്‍ 8.24 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നതായും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. രോഗലക്ഷണമുള്ളവര്‍ വീട്ടിലിരിക്കുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പോസിറ്റിവിറ്റി നിരക്ക് 8.24 ആയത്.

ജില്ലയില്‍ ഇതുവരെ 1,41,000 സാമ്പിളുകള്‍ ആണ് പരിശോധനക്ക് വിധേയമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ലാബുകളിലായാണ് ഈ പരിശോധന നടത്തിയിട്ടുള്ളത്. ശരാശരി 3,500 സാമ്പിളുകള്‍ ജില്ലയില്‍ പ്രതിദിനം പരിശോധനക്ക് വിധേയമാക്കുന്നു. ഇതില്‍ 1,300ഓളം സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളില്‍ ആണ് പരിശോധിക്കുന്നത്.

ഓണക്കാലത്തിന് ശേഷം രോഗ വ്യാപനം ശക്തമാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ പ്രതിരോധ നടപടികള്‍ ആണ് ജില്ലയില്‍ സ്വീകരിക്കുന്നത്. രോഗ ലക്ഷണം ഉള്ള എല്ലാവര്‍ക്കും സെല്‍ഫ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുകയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുന്നുണ്ട്. ജില്ലാ ഭരണ കൂടത്തിന് കീഴില്‍ ജില്ലാ സര്‍വെയ്‌ലന്‍സ് യൂണിറ്റ് ആണ് കോവിഡ് സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തുന്നത്. വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വെയ്‌ലന്‍സ് വിഭാഗം ഓരോ മാസത്തിലും പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.