കേരളത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഡ് സംഘം

post

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തും സാക്ഷരതാ മേഖലയിലും കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഛത്തീസ്ഗഡ് സംഘമെത്തി. ഛത്തീസ്ഗഡ് സാക്ഷരതാ മിഷന്‍ അതോറിറ്റി പ്രതിനിധി സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ സന്ദര്‍ശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു. 2020 അധ്യയന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്ന അക്കാദമി മാസ്റ്റര്‍പ്ലാനും വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ഛത്തീസ്ഗഡ് സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പുഷ്പ പുരുഷോത്തമന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്വകാര്യ സ്‌കൂളുകളെക്കാളും മികവ് പുലര്‍ത്തുന്നതായും ഇതര സംസ്ഥാനക്കാര്‍ക്കായി നടപ്പാക്കുന്ന റോഷ്‌നി പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവര്‍ പറഞ്ഞു. അധ്യാപക രക്ഷാകര്‍ത്തൃ ബന്ധവും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെട്ടതാണെന്നും സംഘം വിലയിരുത്തി. സ്‌കൂളുകളും സാക്ഷരതാ മിഷന്‍ സെന്ററുകളും സംഘം സന്ദര്‍ശിച്ചു. സാക്ഷരതാ രംഗത്ത് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഛത്തീസ്ഗഡിലും അവലംബിക്കുന്നത് ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ഛത്തീസ്ഗഡ് സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍മാരായ യു.കെ. ജയ്‌സ്വാള്‍, രശ്മി സിംഗ്, ഗിരീഷ് ഗുപ്ത, അസിസ്റ്റന്റ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ടാങ്ക്, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.