ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ഉദ്ഘാടനം;സ്വാഗതസംഘം രൂപീകരിച്ചു

post

കൊല്ലം : ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ യോഗത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.  

പരിധികളില്ലാത്ത അറിവിന്റെ വാതായനങ്ങള്‍ തുറക്കുന്ന മഹത്തായ തുടക്കമാണിതെന്നും വിദൂര വിദ്യാഭ്യാസ രംഗത്ത് ഒരു കുത്തിച്ചുചാട്ടത്തിന് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി തുടക്കമാകുമെന്നും യോഗത്തില്‍ പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

സര്‍വകലാശാലയുടെ ഉദ്ഘാടനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും  കക്ഷിരാഷ്ട്രീയ, വിഭാഗീയ ചിന്തകള്‍ക്കതീതമായ സഹകരണം ആവശ്യമാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.

എം പി മാരായ കെ സോമപ്രസാദ്, എ എം ആരിഫ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ബൈപാസ് റോഡില്‍ തൃക്കടവൂര്‍ വില്ലേജിലെ ചൂരവിള കെട്ടിട സമുച്ചയമാണ് യൂണിവേഴ്‌സിറ്റിയുടെ താത്കാലിക ആസ്ഥാനമായി കണ്ടെത്തിയത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ക്ലാസ്സ് റൂമുകള്‍, ഓഫീസ് സംവിധാനങ്ങള്‍,  ഓഡിറ്റോറിയം, പാര്‍ക്കിംഗ് എന്നിവ ഇവിടെയുണ്ട്.

എം മുകേഷ് എം എല്‍ എ ചെയര്‍മാനും മന്ത്രിമാരായ കെ രാജുവും ജെ മേഴ്‌സിക്കുട്ടിയമ്മയും രക്ഷാധികാരികളും  ജില്ലാ കലക്ടര്‍ കണ്‍വീനറും ജില്ലയിലെ മറ്റ് എം പി മാര്‍, എം എല്‍ എ മാര്‍ എന്നിവര്‍ ഉപരക്ഷാധികാരികളുമായാണ്  സ്വാഗതസംഘം രൂപീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍, സമുദായ സംഘടനകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ഓരോ അംഗങ്ങളും സമിതിയിലുണ്ട്.

ആധുനിക കാലത്ത് പ്രയോജനകരമാകുന്ന തരത്തിലുള്ള പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് പ്രയോജനകരമാകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും  പ്രതീക്ഷിക്കുന്നുവെന്നും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമുദായ സംഘടനാ പ്രവര്‍ത്തകരും പറഞ്ഞു.

പരമാവധി 100 പേരെ ഉള്‍ക്കൊള്ളിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്‌ക്രീനുകളിലൂടെ പ്രദര്‍ശിപ്പിക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ ജില്ലയ്ക്കകത്തും പുറത്തും  പ്രചരണ പരിപാടികള്‍ വിപുലപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.

എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, മുന്‍ എം എല്‍ എ എ.യൂനുസ് കുഞ്ഞ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രതിനിധി കെ വേണുഗോപാല്‍, രാഷ്ട്രീയകക്ഷി നേതാക്കളായ ബിന്ദു കൃഷ്ണ, ലാലു, എസ് സുദേവന്‍, താമരക്കുളം സലിം, ആദിക്കാട് മനോജ്, നിയാസ് മുഹമ്മദ്, ബി ബി ഗോപകുമാര്‍, പ്രൊഫ. ശശികുമാര്‍, മണിലാല്‍, സമുദായ സംഘടനാ നേതാക്കളായ സുവര്‍ണ കുമാര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, വിദ്യാഭ്യാസ പ്രവര്‍ത്തകനായ പി ഒ ജെ ലെബ്ബ, മറ്റ് അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.