കോവിഡിനെ പൊരുതി തോല്‍പ്പിച്ച് ജാനകിയമ്മ

post

വിശ്രമജീവിതം ഇനി എസ്  എസ് സമിതിയില്‍

കൊല്ലം : പ്രായാധിക്യത്തെയും കോവിഡിനെയും പൊരുതി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ 90 വയസുകാരി, കോഴിക്കോട് വടകര സ്വദേശി ജാനകിയമ്മയ്ക്ക് മയ്യനാട് എസ് എസ് സമിതിയില്‍ വിശ്രമ കേന്ദ്രം ഒരുങ്ങി. പത്തു ദിവസം മുന്‍പ് കോവിഡ് ഭേദം ആയെങ്കിലും ചവറ പുത്തന്‍തുറ സ്വദേശിയായ ജാനകിയമ്മയെ ഏറ്റെടുക്കാന്‍ ജില്ലാ ആശുപത്രിയില്‍ ബന്ധുക്കളാരും എത്താത്തതിനെതുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ വസന്ത ദാസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയില്‍ പ്രത്യേകം താമസിപ്പിക്കുകയും പരിചരിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. ജാനകിയമ്മയ്ക്ക് സ്ഥിരമായി ഒരു ആശ്രയം ഒരുക്കുന്നതിനുള്ള ആശുപത്രി അധികൃതരുടെ ഇടപെടലുകള്‍ ഫലം കാണുകയും മയ്യനാട് എസ് എസ് സമിതി പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരികയും ചെയ്തു.

23 ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ച ജാനകിയമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധ പരിചരണത്തിലൂടെയാണ് ഇവര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.  കോവിഡ് സ്ഥിരീകരിച്ചിട്ടും ബന്ധുക്കളാരും ശ്രദ്ധിക്കാന്‍ ഇല്ലാതെ കഷ്ടപ്പെട്ട ജാനകിയമ്മയെ ചവറ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷും പുത്തന്‍തുറ വാര്‍ഡ് അംഗവും  ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത,  ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ്, ആര്‍ എം ഒ ഡോ അനുരൂപ് തുടങ്ങിയവര്‍ ജാനകിയമ്മയെ  വിശ്രമകേന്ദ്രത്തിലേക്ക് യാത്രയാക്കി. എസ് എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി പ്രൊഫ. ആല്‍ബി, ട്രഷറര്‍ ആന്റണി, വിന്‍സെന്റ് എന്നിവര്‍ വിശ്രമ കേന്ദ്രത്തിലേക്ക് സ്വീകരിച്ചു.