തിരുവനന്തപുരത്ത് 685 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

നാലു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ (18 ഒക്ടോബര്‍) 685 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 523 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ വിദേശത്തു നിന്നുമെത്തി. നാലു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

നാലാഞ്ചിറ സ്വദേശി ഗോപാലകൃഷ്ണന്‍(62), പള്ളിത്തുറ സ്വദേശി ത്രേസ്യാമ്മ(82), ആനയറ സ്വദേശിനി സരോജം(63), തിരുവനന്തപുരം സ്വദേശിനി ബീമ എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 351 പേര്‍ സ്ത്രീകളും 334 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 77 പേരും 60 വയസിനു മുകളിലുള്ള 135 പേരുമുണ്ട്. പുതുതായി 2,905 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,758 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 1,736 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 10,364 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,210 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 344 കോളുകളാണ് ഇന്നലെ എത്തിയത്. . മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 31 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,824 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.