കോവിഡ്; ജില്ലയില്‍ പ്രതിദിനം അയ്യായിരത്തില്‍പ്പരം ടെസ്റ്റുകള്‍

post

കൊല്ലം: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം അയ്യായിരത്തില്‍പ്പരം ടെസ്റ്റുകള്‍ നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ദിവസവും 5500 എന്നതാണ് ജില്ലയിലെ ടാര്‍ജറ്റ്. തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിലേക്ക് 1000 സാമ്പിളുകള്‍ ആര്‍ ടി പി സി പരിശോധയ്ക്കായി അയയ്ക്കുന്നുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആന്റിജന്‍ ടെസ്റ്റും പനി, ചുമ, തൊണ്ടവേദന തുടങ്ങിയ  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കായി ആര്‍ ടി പി സി ആര്‍ ടെസ്റ്റുകളും നടക്കുന്നുണ്ട്. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രൂനാറ്റ് ടെസ്റ്റിംഗ് സെന്ററാണ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 200 സാമ്പിളുകള്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ചെയ്യാവുന്ന സൗകര്യവും ട്രൂനാറ്റ്, സി ബി നാറ്റ് സംവിധാനങ്ങളുമുണ്ട്. പുനലൂര്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളില്‍ ട്രൂനാറ്റ് ടെസ്റ്റും ആന്റിജന്‍/ആര്‍ ടി പി സി ആര്‍ വാക്ക്-ഇന്‍ ടെസ്റ്റ് സ്വകാര്യ ലാബുകളുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് പരിശോധന ഫലം ലഭിക്കേണ്ടവര്‍ക്ക് നേരിട്ട് എത്തി വാക്ക്-ഇന്‍ ടെസ്റ്റ് നടത്താവുന്നതാണ്. രോഗീ സമ്പര്‍ക്കം സംശയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൊല്ലം ടി എം വര്‍ഗീസ് ഹാളില്‍ സ്പെഷ്യല്‍ ഡ്രൈവ് ഇന്‍ പരിശോധനയും നടത്തിവരുന്നു. കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാല്‍ ഇവിടെയെത്തി പരിശോധന നടത്തുന്നതിന് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു.