ജാഗ്രത കൈവിടരുത്, കരുതല്‍ തുടരണം ജില്ലാ കലക്ടര്‍

post

കൊല്ലം : കോവിഡിനെതിരെ ജാഗ്രത കൈവിടരുതെന്നും  കരുതല്‍ തുടരണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടിയ ജില്ലാതല ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ 144 നിയമമനുസരിച്ചുള്ള കൂട്ടം ചേരലിന് ഇളവ് വന്നതും  സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ  സേവന കാലാവധി അവസാനിച്ചതും പരിഗണിച്ചാണ് കലക്ടര്‍ ഇക്കാര്യം ഓര്‍മിപ്പിച്ചത്. പൊലീസ് പരിശോധന കര്‍ശനമായി തുടരണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഗാന്ധിഭവനില്‍  രോഗവ്യാപനം ഉണ്ടായത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ സിജു ബെന്‍ നോട് കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി സമയാസമയങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം കൂട്ടാന്‍ ഇടയാക്കിയതെന്നും കലക്ടര്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളിലേക്ക് സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശബരിമല തീര്‍ത്ഥാടനം, തിരഞ്ഞെടുപ്പ്, കോവിഡ് പ്രതിരോധം എന്നിവ ഒരേസമയം ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായും ഹരിതചട്ടവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചും  ആവണമെന്നും  ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ആര്യങ്കാവില്‍ ചെക്‌പോസ്റ്റില്‍ അയ്യപ്പ ഭക്ത•ാര്‍ക്ക് വേണ്ടി പ്രത്യേക കൗണ്ടര്‍ തുറന്നതായി ആര്‍ ഡി ഒ ബി.ശശികുമാര്‍ അറിയിച്ചു. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ പി നാരായണന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.