ജാഥകളും യോഗങ്ങളും പോലീസിനെ അറിയിക്കണം

post

കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ   പ്രചരണാര്‍ത്ഥം  നടത്തുന്ന ജാഥകളും യോഗങ്ങളും പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്ന്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും മുന്‍കൂര്‍ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണിത്. ജാഥകളും പൊതുയോഗങ്ങളും നിലവിലുള്ള  നിയമവ്യവസ്ഥകളും കോടതിയുടെ ഉത്തരവുകളും കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങളും അനുസരിച്ചും സാമൂഹിക അകലം പാലിച്ചും   മാത്രമായിരിക്കണം. ഒരു കാരണവശാലും നിശ്ചയിച്ച എണ്ണത്തില്‍ ആളുകള്‍ കൂടാന്‍ പാടില്ല. യോഗം നടക്കുന്ന സ്ഥലവും സമയവും തീയതിയും ജാഥ കടന്നു പോകുന്ന വഴികളും മുന്‍കൂട്ടി അറിയിക്കണം. യോഗം, ജാഥ എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവ്, നിരോധനാജ്ഞ എന്നിവ പ്രാബല്യത്തില്‍ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരു കക്ഷി ജാഥ നടത്തുവാന്‍ പാടില്ല. ഒരു കക്ഷിയുടെ  പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാനും പാടില്ല. പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 1000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലാ എന്നും കലക്ടര്‍ അറിയിച്ചു.