കൈമോശം വന്ന കാര്‍ഷിക സംസ്‌കൃതിയെ വീണ്ടെടുക്കുക മുഖ്യ ലക്ഷ്യം

post

കൊല്ലം: കൈമോശം വന്ന കാര്‍ഷിക സംസ്‌കൃതിയെ ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ധതികളിലൂടെ തിരിച്ചുകൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് എഴിപ്പുറം ഗുരുനാഗപ്പന്‍ പുഞ്ചപ്പാടത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ കൊയ്ത്ത് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് ഉത്പാദന പ്രക്രിയയില്‍ ക്രിയാത്മക ഇടപെടലുകള്‍ ഇക്കാലയളവില്‍ ഉണ്ടായി. കാര്‍ഷിക മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മൂന്ന് വര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്യുന്നവര്‍ക്ക് റോയല്‍റ്റി, കര്‍ഷക പെന്‍ഷന്‍, വിവിധ സബ്സിഡികള്‍ എന്നിവ നല്‍കി വരുന്നു. കോവിഡിന്റെയും പ്രകൃതി ക്ഷോഭങ്ങളുടെയും പ്രതിസന്ധികള്‍ക്കിടയിലും ഒരു ലക്ഷത്തിന് മുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്  നൂറുദിന കര്‍മ്മ പരിപാടികള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു, മന്ത്രി പറഞ്ഞു.

അരിയോടൊപ്പം ആവശ്യങ്ങള്‍ അനുസരിച്ച് അരിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കാനുള്ള  നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും മന്ത്രി മുന്നോട്ട് വച്ചു.

പൊതു സമൂഹത്തിന് അവബോധവും ഭാവി തലമുറയ്ക്കൊരു കരുതലുമാണ് ഇത്തരം കാര്‍ഷിക മുന്നേറ്റങ്ങളിലൂടെ സാധ്യമാകുന്നതെന്ന്   ചടങ്ങില്‍ അധ്യക്ഷനായ ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു.

വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന ഗുരുനാഗപ്പന്‍ പുഞ്ചപാടത്തെ 12 ഏക്കര്‍ നിലത്തിലാണ് കൃഷിയിറക്കിയത്. അഗ്രോ സെന്റര്‍ കരാറനുസരിച്ച് 250 കിലോ നെല്‍വിത്തുകളാണ് വിതച്ചത്. തവിട് കളയാത്ത അരി ഒരു കിലോ പായ്ക്കറ്റിലും തവിട് കളഞ്ഞത് അഞ്ചു കിലോ, പത്തു കിലോ, ഇരുപത്തഞ്ചു കിലോ എന്നിങ്ങനെ പയ്ക്കറ്റ്കളിലായി നടയ്ക്കല്‍ റൈസ് എന്ന പേരില്‍ സിവില്‍ സപ്ലൈസ് വകുപ്പ് വഴി  വിപണിയിലെത്തിക്കും.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം നാടന്‍ പാട്ടിന്റെ അകമ്പടിയോടെ കര്‍ഷകര്‍ക്കും എം എല്‍ എയ്ക്കുമൊപ്പം നെല്‍കതിരുകള്‍ കൊയ്തെടുക്കാന്‍ കൂടിയ ശേഷമാണ് മന്ത്രി മടങ്ങിയത്.