കോവിഡ് പ്രതിരോധം: നിയന്ത്രണങ്ങള്‍ ശക്തമാക്കും

post

കൊല്ലം: ജില്ലയില്‍ കോവിഡ് രോഗികളുടെ  വര്‍ധനവ്  തടയുന്നതിന്   നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. കോവിഡ് പ്രതിരോധം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിന് ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നതായിരുന്നു യോഗം. മണ്‍ട്രോതുരുത്ത് പോലെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും തിരക്ക് വര്‍ധിച്ചതായും ഇത് കോവിഡ് വ്യാപന സാധ്യത ഉയര്‍ത്തുമെന്നും  യോഗത്തില്‍ പങ്കെടുത്ത ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അറിയിച്ചു. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം നേരത്തെ നല്‍കിയ ഇളവുകള്‍ പുനഃപരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. അഗതി മന്ദിരങ്ങളില്‍ കോവിഡ്    രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും  അടിയന്തര തീരുമാനം എടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ യോഗത്തില്‍ തീരുമാനമായി. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള ജില്ലയിലെ കേന്ദ്രങ്ങള്‍ തുറന്നെങ്കിലും ഹോസ്റ്റലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. വിക്ടോറിയ ആശുപത്രിയ്ക്ക് സമീപത്തെ അനധികൃത കച്ചവടങ്ങള്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് യാത്രാ തടസവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിയെടുക്കാന്‍ തീരുമാനിച്ചു.