രാജക്കാട് മൈലാടുംപാറ റോഡ് നിര്‍മ്മാണ ഉദ്ഘാടനം വൈദ്യുതി മന്ത്രി നിര്‍വഹിച്ചു

post

ഇടുക്കി : രാജക്കാട്  മൈലാടുംപാറ റോഡ് നിര്‍മ്മാണ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ഗ്രാമപ്രദേശങ്ങളുടെ വികസനം ലക്ഷ്യം വച്ചാണ് ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കുന്നത്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇത്തരം റോഡുകളുടെ നിര്‍മ്മാണ തടസ്സങ്ങള്‍ നീക്കുന്നതിന് ജനകീയ സമിതികള്‍ രൂപികരിക്കണമെന്നും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രസ്തുത പാത ചെമ്മണ്ണാര്‍ ഗ്യാപ് റോഡിന്റെ ഭാഗമായ കുത്തിങ്കല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് സ്ലീവാമല, വട്ടക്കണ്ണിപ്പാറ, കോളനിക്കവല, കാരിത്തോട്, പൊത്തക്കള്ളി, മൈലാടുംപാറ വഴി മൂന്നാര്‍  കുമളി സംസ്ഥാന പാതയില്‍ സന്ധിക്കും. 10 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണത്തിനായി 17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയില്‍ രണ്ട് ലെയര്‍ ടാറിങ്ങ് ഉള്‍പ്പെടെ ദേശിയ നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്. ഒരു മീറ്റര്‍ വീതിയില്‍ ഐറിഷ് ഡ്രെയിനേജ് സംവിധാനവും പാതയിലുണ്ടാകും.  ആറ് മാസം  കൊണ്ട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. എം.ജി സര്‍വകലാശാലയില്‍ നിന്ന് എം. എ ഗ്രാഫിക്‌സില്‍ ഒന്നാം റാങ്ക് നേടിയ കുത്തുങ്കല്‍ സ്വദേശി ജോയല്‍ റെജിയെയും ചടങ്ങില്‍ ആദരിച്ചു.
കുത്തുങ്കല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി സണ്ണി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എന്‍.പി സുനില്‍ കുമാര്‍, ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാന്ത ബിജു, ഷിജി സുരേഷ്, ജിമ്മി ജോര്‍ജ്, റ്റി ജെ ജോമോന്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ കെ.റ്റി ജെയിംസ്, സി.യു ജോയി, ബെന്നി തുണ്ടത്തില്‍, കെ.എ ബെന്നി, സ്ലീവാമല സെന്റ് ബനഡിക്ട് ചര്‍ച്ച് വികാരി തോമസ് ശൗ ര്യംകുഴി എന്നിവര്‍ സംസാരിച്ചു. പൊതു മരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി. ജാഫര്‍ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.