വീണ്ടും കതിരണിയാനൊരുങ്ങി പ്ലാമല കുരിശുപാറ പാടശേഖരം

post

പ്ലാമല നെല്ലിത്താനത്ത് കൃഷിജോലികള്‍ ആരംഭിച്ചു


പ്ലാമല കുരിശുപാറ പാടശേഖരം ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്ലാമല കുരിശുപാറ പാടശേഖരം നെല്‍കൃഷിയ്ക്കായി ഒരുക്കുന്നത്.  ആദ്യ പടിയെന്നോണം പ്ലാമല നെല്ലിത്താനത്ത് തരിശായി കിടന്ന പാടത്ത് വീണ്ടും നെല്‍കൃഷി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
   

കൃഷിവകുപ്പിന്റെയും പാടശേഖര സമതിയുടെയും ദേശിയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ 100 ഹെക്ടറോളം തരിശു നിലം കൃഷിയോഗ്യമാക്കാനാണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. അഡ്വ. എ രാജ എംഎല്‍എ നെല്‍ കൃഷി ആരംഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഒരുപാട് തരിശു നിലങ്ങള്‍ വിളനിലങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അഡ്വ. എ രാജ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
നാല്‍പ്പതോളം കര്‍ഷകരാണ് പാടശേഖരസമതിയില്‍ ഇപ്പോഴുള്ളത്. കാടും പടര്‍പ്പും മൂടി കിടക്കുന്ന തരിശുഭൂമി കൃഷിയോഗ്യമാക്കുക ശ്രമകരമായ ജോലിയാണ്. വെട്ടിത്തെളിച്ച ഭൂമിയില്‍ ആദ്യഘട്ടത്തില്‍ പച്ചക്കറി കൃഷി ഇറക്കിയ ശേഷം ജൂണ്‍ മാസമാരംഭിക്കുന്നതോടെ നെല്‍കൃഷിക്ക് തുടക്കം കുറിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പ്രദേശത്തെ വന്യ ജീവി ശല്യം പ്രതിരോധിക്കുന്നതിനായി വനംവകുപ്പിന്റെ പിന്തുണയും പദ്ധതിക്കുണ്ട്.

പരിപാടിയില്‍ ത്രിതല പഞ്ചായത്തംഗങ്ങളായ സി എസ് അഭിലാഷ്, പുഷ്പ സജി, മിനി ലാലു, കൃഷി വകുപ്പ് ജീവനക്കാര്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി പ്രതിനിധികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.