ആദിവാസി ഗോത്ര സമൂഹം തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നത് ഉദാത്ത മാതൃക

post

ഗോത്ര കലാ പ്രദര്‍ശന വിപണന മേള 'ഉണര്‍വ് 2022' ന് തൊടുപുഴയില്‍ തുടക്കമായി

ആദിവാസി ഗോത്ര സമൂഹം അവരുടേതായ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നത് ഉദാത്തമായ മാതൃകയാണെന്നും ഇത് പൊതു സമൂഹത്തിന് നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അറസ്റ്റിന്‍ പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ഗോത്ര കലാ പ്രദര്‍ശന വിപണന മേള 'ഉണര്‍വ് 2022' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ചരിത്രം പരിശോധിച്ചാല്‍ ആദിവാസി ഗോത്ര സമൂഹത്തിന്റെ പങ്ക് വ്യക്തമാകും. ഈ മേഖലയിലുള്ളവരുടെ ഉന്നമനത്തിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തുടരുന്നുണ്ട്.

ഇതിന്റെ ഭാഗമായി ആദിവാസി ഗോത്ര വിഭാഗങ്ങളിലുള്ളവര്‍ മാത്രം വസിക്കുന്ന ഇടമലക്കുടിക്കായി പാക്കേജ് പ്രഖ്യാപിച്ച് ഗവണ്‍മെന്റ് ബജറ്റില്‍ 30 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഇടമലക്കുടിയിലേക്കുള്ള റോഡ്,  ആരോഗ്യം, കുട്ടികള്‍ക്കുള്ള പഠന സൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കും.

ആദിവാസി മേഖലയില്‍ നിന്നും പാരമ്പര്യ തനിമയുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ട്. കുടുംബശ്രീയുമായി ചേര്‍ന്നുള്ള പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിക്കാന്‍ കഴിയും.

ആദിവാസി വിഭാഗത്തിലുള്ളവരുടെ കലയും സാംസ്‌കാരിക പരിപാടികളും വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. തനതായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ജില്ലാ - താലൂക്ക് അടിസ്ഥാനത്തില്‍ പദ്ധതികളും നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.