വാതില്‍പ്പടി മാലിന്യ ശേഖരണത്തില്‍ മാതൃകയായി കൊന്നത്തടി ഗ്രാമ പഞ്ചായത്ത്

post


അജൈവ പാഴ് വസ്തുക്കള്‍ വീടുകളിലെത്തി ശേഖരിച്ച് കൊന്നത്തടി ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തില്‍ മാതൃകയായി. പദ്ധതിയില്‍ വിജയം കൈവരിച്ച് പ്രഖ്യാപനം നടത്തിയതോടെ മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് വന്‍മുന്നേറ്റം നടത്തിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രഖ്യാപനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്താണ് കൊന്നത്തടി.

പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പദവിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2018 ഫെബ്രുവരിയിലാണ് ഹരിതകര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2022 ജൂണില്‍ പഞ്ചായത്ത് പരിധിയിലെ 19 വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹരിതകര്‍മ സേനയുടെ സേവനം എത്തിക്കുവാനായി. 2022 ജൂലൈയില്‍ 6344 വീടുകളില്‍ നിന്നും 422 കടകളില്‍ നിന്നുമായി 3,23,600 രൂപ യുസര്‍ ഫീസിനത്തില്‍ ശേഖരിച്ചു. എല്ലാ മാസവും ഒന്നാം തിയതി മുതല്‍ പത്താം തീയതി വരെയാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍

വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്നത്. വീടുകള്‍ക്ക് 50 രൂപയും കടകള്‍ക്ക് 100 രൂപയുമാണ് യൂസര്‍ഫീസ് ഈടാക്കുന്നത്. ഇങ്ങനെ ശേഖരിച്ച അജൈവ മാലിന്യ വസ്തുക്കള്‍ പിന്നീട് തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ശരാശരി 8000 രൂപ ഒരു ഹരിതസേനാംഗത്തിന് വേതനമായി നല്‍കി. ഇതോടൊപ്പം സ്വയം തൊഴില്‍ സംരംഭമായ സൂചനാ ബോര്‍ഡു നിര്‍മ്മാണം വഴി സേനാംഗങ്ങള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുവാനും സാധിച്ചു എന്നതും പദ്ധതിയുടെ എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്.

ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കുകയും, പദ്ധതി പ്രവര്‍ത്തനങ്ങളുടെ കൃത്യമായ മോണിറ്ററിങ്ങും നടത്തുന്നു.

വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികള്‍, വിവിധ ഉദ്യോഗസ്ഥര്‍, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ഭരണസമിതി അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരുടെയെല്ലാം കൂട്ടായ സഹകരണവും സേനാംഗങ്ങളുടെ ഉത്തരവാദിത്തപരമായ പ്രവര്‍ത്തനവുമാണ് നേട്ടത്തിനു പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അഭിപ്രായപ്പെട്ടു.

വീടുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യം മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിച്ച ശേഷം തരംതിരിച്ച് തദ്ദേശസ്ഥാപന തലത്തിലുള്ള വിഭവ വീണ്ടെടുപ്പ് കേന്ദ്രങ്ങളില്‍ (ആര്‍.ആര്‍.എഫ്) കൊണ്ടുവരുന്നു. ഇവയെ വീണ്ടും തരംതിരിച്ച് പുനരുപയോഗത്തിനും റോഡ് ടാറിംഗിനും മറ്റുമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.