കട്ടപ്പന ഗവ. കോളേജ് ക്യാമ്പസില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

ഇടുക്കി: ജൈവപച്ചക്കറി കൃഷിയുടെ പ്രധാന്യവും ആവശ്യകതയും സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുകയും അവരെ കൃഷിയില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കൃഷി വകുപ്പ് കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ പച്ചക്കറി തോട്ടം ഒരുക്കിയത്.
കട്ടപ്പന ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റും കട്ടപ്പന കൃഷിഭവനും ചേര്‍ന്നാണ് കോളേജിലെ 50 സെന്റ് സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി തുടങ്ങിയിരിക്കുന്നത്. തക്കാളി, വഴുതന, സെലറി, വിവിധയിനം പച്ചമുളക് തുടങ്ങിയവയാണ് ആദ്യം കൃഷി ചെയ്യുന്നത്. കൃത്യമായ അളവില്‍ വെള്ളവും വളവും ലഭ്യമാക്കുന്ന മൈക്രോ ഇറിഗേഷന്‍ വിത്ത് ഫെര്‍ട്ടിഗേഷന്‍ രീതിയിലുള്ള കൃഷിയ്ക്കായി 67,000 രൂപയാണ് കൃഷി വകുപ്പ് വിനിയോഗിച്ചത്. വിഷരഹിത പച്ചക്കറി കൃഷിയിലേക്ക് കോളേജിലെ എല്ലാ കുട്ടികളെയും കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക് 200 എന്‍എസ്എസ് വോളണ്ടിയേഴ്‌സ് ആണ് നേതൃത്വം നല്കുന്നത്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിനായി ഉപയോഗിക്കും. കൂടുതലായി വരുന്ന ഉല്‍പ്പന്നങ്ങള്‍ കൃഷി വകുപ്പിന്റെ വിപണികള്‍ വഴി വില്‍പ്പന നടത്തും.
കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി തൈ നടീലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടന യോഗത്തില്‍ കൃഷി വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു പി. മാത്യു, കോളേജ് പ്രിന്‍സിപ്പാള്‍ ഒ. സി. അലോഷ്യസ്, കൃഷി അസിസ്റ്റന്റ്മാരായ എ. അനീഷ്, അനീഷ് പി. കൃഷ്ണന്‍, എന്‍എസ്എസ് ഓഫീസര്‍ അനൂപ്, എം. എച്ച്. റിനാസ്, അണക്കര ചാണ്ടീസ് വെജിറ്റബിള്‍ ഫാം ഉടമ ബിനോയി കപ്യാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.